വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പൂർണമായും ഭേദപ്പെട്ടെന്ന് ബൈഡനെ ചികിത്സിക്കുന്ന ഡോക്ടർ കെവിൻ ഒ കോർണർ. ബൈഡന് സ്കിൻ കാന്‍സറാണെന്ന് പരിശോധനയിൽ കണ്ടെത്തിയെന്നും ഫെബ്രുവരിയിൽ ചികിത്സ പൂർത്തീകരിച്ചെന്നും ഡോ കെവിൻ പറയുന്നു.
പതിവ് പരിശോധനയിലാണ് ബൈഡന് സ്കിൻ കാന്‍സറാണെന്ന് കണ്ടെത്തിയത്. കാന്‍സര്‍ ബാധിച്ച ത്വക്ക് നീക്കം ചെയ്തു. ഒരു പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കാൻ ജോ ബൈഡൻ ആരോഗ്യവാനും ഊർജ്ജസ്വലനുമാണെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. അതേസമയം, കാന്‍സര്‍ ശരീരത്തിലെ മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. എന്നാൽ വലുപ്പം വർദ്ധിക്കാനുള്ള സാധ്യതയുണ്ട്. അതിനാലാണ് നീക്കം ചെയ്തതെന്ന് വൈറ്റ് ഹൗസിലെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.അതേസമയം, പതിവ് പരിശോധനകളല്ലാതെ ക്യാൻസർ സംബന്ധമായ മറ്റു ചികിത്സകൾ ആവശ്യമില്ലെന്നാണ് റിപ്പോർട്ട്. 2024-ൽ വീണ്ടും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ബൈഡൻ പ്രഖ്യാപിക്കുന്നതിന് മുമ്പ് ബൈഡന്റെ വൈദ്യപരിശോധന നടത്തിയിരുന്നു. 2015ൽ ബൈഡന്റെ മകൻ ബ്യൂയും ബ്രയിൻ കാന്‍സര്‍ മൂലം മരണപ്പെട്ടിരുന്നു.
ത്വക്കിനെ ബാധിക്കുന്ന മാരകമായ കാന്‍സര്‍ കോശങ്ങളാണ് ബേസൽ സെൽ കാർസിനോമ. ഇത് അമേരിക്കയിൽ അഞ്ചുപേരിൽ ഒരാളിൽ കാണപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. അപൂർവ്വമായി മാത്രമേ മാരകമായിട്ടുള്ളൂവെങ്കിലും, ബേസൽ സെൽ കാർസിനോമ ചികിത്സ അപര്യാപ്തമോ വൈകുകയോ ചെയ്യുമ്പോൾ അപകടകരമാണെന്ന് അമേരിക്കയുടെ ഔദ്യോഗിക വെബ്സൈറ്റായ നാഷണൽ ലൈബ്രറി ഓഫ് മെഡിസിൻ പറയുന്നു.