95-മത് ഓസ്കർ പുരസ്കാര വേദിയിൽ അവതാരകയാവാൻ ബോളിവുഡ് നടി ദീപിക പദുക്കോൺ. കഴിഞ്ഞ ദിവസം പുറത്തുവന്ന അക്കാദമി പുരസ്കാര ചടങ്ങിലെ അവതാരകരുടെ പട്ടികയിൽ ദീപികയുടെ പേരുമുണ്ട്.
ആകെ 16 അവതാരകരാണ് പരിപാടിയിൽ ഉണ്ടാവുക. നടിയെ കൂടാതെ ഡ്വെയ്ൻ ജോൺസൺ, മൈക്കൽ ബി ജോർഡൻ, റിസ് അഹമ്മദ്, എമിലി ബ്ലണ്ട്, ഗ്ലെൻ ക്ലോസ്, ട്രോയ് കോട്സൂർ, ജെന്നിഫർ കോനെല്ലി, സാമുവൽ എൽ ജാക്സൺ, മെലിസ മക്കാർത്തി, സോ സാൽഡാന, ഡോണി യെൻ, ജോനാഥൻ മേജേഴ്സ്, ക്വസ്റ്റ്ലോവ് എന്നിവരാണ് പുരസ്കാര ചടങ്ങിനെ നയിക്കുന്ന മറ്റ് താരങ്ങൾ.
ദീപികയും സോഷ്യൽ മീഡിയയിൽ ഈ പട്ടിക പങ്കുവെച്ചിട്ടുണ്ട്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി എത്തുന്നത്. ബോളിവുഡ് നടി നേഹ ധൂപിയ, ദീപികയുടെ സഹോദരി അനിഷ പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയ താരങ്ങളും പ്രതികരണം അറിയിച്ചിട്ടുണ്ട്. മാർച്ച് 12ന് (ഇന്ത്യയിൽ സംപ്രേക്ഷണം മാർച്ച് 13ന്) ലോസ് ഏഞ്ചലസിലെ ഡോളി തിയേറ്ററിൽ വച്ചാണ് ചടങ്ങ് നടക്കുക.