തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോണ്‍ഗ്രസ് നേതാവുമായി അനിൽ അക്കര. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്നും അനിൽ അക്കര പറഞ്ഞു.
രേഖകള്‍ നാളെ ഉച്ചയ്ക്ക് പുറത്തുവിടുമെന്നാണ് അനില്‍ അക്കര ഫേസ്ബുക്കില്‍ കുറിച്ചത്. 12 മണിക്ക് തൃശ്ശൂർ ഡിസിസിയിൽ വിളിച്ചു ചേർത്തിട്ടുള്ള വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്.