ന്യൂഡൽഹി: ഭാരത് ജോഡോക്ക് ശേഷം പുതിയ രൂപത്തിലെത്തിയ കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ സമൂഹമാധ്യമത്തിൽ വൈറലാവുന്നു. ഭാരത് ജോഡോ യാത്രയിലുടനീളം വളർത്തിയിരുന്ന താടിയും മുടിയും വെട്ടിമാറ്റി കോട്ടും സ്യൂട്ടും ടൈയ്യും ധരിച്ച് കൊണ്ട് യുകെയിലെ കേംബ്രിഡ്ജ് സർവ്വകലാശാലയിൽ വിദ്യാർത്ഥികളോട് സംസാരിക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്.
സർവ്വകലാശാലയിൽ ‘ലേണിങ് ടു ലിസൺ ഇൻ ദ ട്വന്റി ഫസ്റ്റ് സെഞ്ച്വറി’ എന്ന വിഷയത്തിലാണ് രാഹുൽ ഗാന്ധി സർവ്വകലാശാലയിലെ വിദ്യാർത്ഥികളുമായി സംസാരിക്കുന്നത്. ഒപ്പം ഭാരത് ജോഡോ യാത്രയുടെ വിശേഷങ്ങളും പങ്കുവെച്ചു. കൂടാതെ കോർപ്പസ് ക്രിസ്റ്റി കോളേജിലെ ഇന്ത്യൻ വംശജയും സ്റ്റഡീസ് ഡയറക്ടറുമായ പ്രൊഫസർ ശ്രുതി കപിലയുമായി ‘ബിഗ് ഡാറ്റയും ഡെമോക്രസിയും’, ‘ഇന്ത്യ-ചൈന ബന്ധങ്ങൾ’ എന്ന വിഷയത്തിൽ സെഷനുകൾ നടത്താൻ രാഹുൽ ഗാന്ധി പദ്ധതിയിടുന്നുണ്ടെന്ന് ഗ്ലോബൽ ഹ്യുമാനിറ്റീസ് ഇനിഷ്യേറ്റീവിന്റെ ഡയറക്ടർ പറഞ്ഞു. ഇന്ത്യയിലെ പ്രമുഖ പ്രതിപക്ഷ നേതാവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ എംപിയുമായ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നതിൽ കേംബ്രിഡ്ജ് സർവ്വകലാശാല സന്തോഷത്തിലാണെന്നും സർവ്വകലാശാല ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്തെ 12 സംസ്ഥാനങ്ങലൂടെ കാൽ നടയാത്ര ചെയ്ത രാഹുൽ ഗാന്ധി യാത്രയിൽ ഉടനീളം മുടിയും താടിയും വളർത്തിയിരുന്നു. യാത്ര ആരംഭിച്ചത് മുതൽ വെള്ള വസ്ത്രം മാത്രമാണ് രാഹുൽ ഗാന്ധി ധരിച്ചിരുന്നത്. യാത്രക്ക് ശേഷവും പൊതുവേദികളിൽ വെളുത്ത ടീഷർട്ടിൽ മാത്രമായിരുന്നു രാഹുൽ ഗാന്ധി പ്രത്യക്ഷപ്പെട്ടിരുന്നത്. ഭാരത് ജോഡോ യാത്രയുടെ അതേ രൂപത്തിലും വെള്ള വസ്ത്രത്തിലുമായിരുന്നു റായ്പൂരിൽ നടന്ന പ്ലീനറി സമ്മേളനത്തിൽ രാഹുൽ ഗാന്ധിയെത്തിയത്.