കോഴിക്കോട്: വീൽചെയറിൽ തളർന്നിരുന്ന് പാട്ടു പാടാൻ ഇനി അവർ തയ്യാറല്ല. മാധുര്യത്തോടെ പാടാൻ കഴിവുള്ള വീൽ ചെയറിൽ കഴിയുന്ന ഗായകർ മെലഡി ഓൺ വീൽസ് എന്ന പേരിൽ മ്യുസിക് ബാൻ്റ് തുടങ്ങുന്നു. വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷനും താമരശ്ശേരി സോഷ്യൽ വെൽഫെയർ സൊസൈറ്റിയും ചേർന്നാണ് മെലഡി ഓൺ വീൽസിന് രൂപം നൽകുന്നത്.
പല കാരണങ്ങളാൽ സഞ്ചാരം വീൽ ചെയറിലാക്കാൻ നിർബന്ധിതരായ കുഞ്ഞിക്കോയ, ഷൈജു ചമൽ,സന്തോഷ്,വിദ്യ സോമൻ, ബഷീർ, സൽമ,മോഹനൻ, ഷംജു മുത്തേരി,പുഷ്പ കൊയിലാണ്ടി, പവിത്രൻ വടകര തുടങ്ങിയവരാണ് മെലഡി ഓൺ വീൽസിലെ ഗായകർ. മെലഡികൾ, ചലച്ചിത്ര ഗാനങ്ങൾ, മാപ്പിളപ്പാട്ടുകൾ, ഗസൽ ,കവിത തുടങ്ങിയ എല്ലാ തരം ഗാനങ്ങളും സംഘം ആലപിക്കും. കഴിഞ്ഞ ഒരു മാസമായി ഇവർ ഗാനാലാപനത്തിൻ്റെ പരിശീലനത്തിനായിരുന്നു. ഗായകരും സംഗീത അധ്യാപകരുമായ ഹരിത ഷിബു, രതി ധനീഷ്, ജയതാ മോഹൻ, ബഷീർ തൊടുകയിൽ എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകി.
ബവീഷ് ബാൽ താമരശ്ശേരി, മുഹമ്മദ് നയിം , ഇന്ദു. പി, മിസ്ര, ഉസ്മാൻ വി.പി., ഉസ്മാൻ പി. ചെമ്പ്ര, അഡ്വ: നസീർ എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുക. ആദ്യഘട്ടത്തിൽ കരോക്കെ ഗാനങ്ങളാണ് ഇവർ ആലപിക്കുക. രണ്ടാം ഘട്ടത്തിൽ ഉപകരണസംഗീതങ്ങളുടെ പിന്നണിയിലാകും ഗായകരുടെ ആലാപനം. വീൽചെയറിൽ കഴിയുന്ന പ്രതിഭകളെ പ്രൊഫഷണൽ ഗായകരാക്കി സമൂഹത്തിലെ വിവിധ വേദികളിൽ പാടാൻ അവസരമൊരുക്കി സാംസ്കാരികമായും സാമ്പത്തികമായും ഉന്നതിയിലെത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സംഘാടകർ പറഞ്ഞു.
വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ്റെ നേതൃത്വത്തിൽ മാർച്ച് നാലിന് താമരശ്ശേരി കോളിക്കൽ ബ്രീസ് ലാൻ്റ് അഗ്രി ഫാമിൽ നടക്കുന്ന സ്നേഹസംഗമം -മഴവില്ല് 2023 പരിപാടിയിൽ മെലഡി ഓൺ വീൽസിൻ്റെ ലോഞ്ചിങ് നടക്കും. സിനിമാ കോമഡി താരം ദേവരാജ് ദേവ് പരിപാടി ഉദ്ഘാടനം ചെയ്യും. വീൽചെയർ റൈറ്റ്സ് ഓർഗനൈസേഷൻ്റെ ലോഗോ പ്രകാശനം, സ്റ്റുഡൻ്റ്സ് വിംഗ്, യു ട്യൂബ് ചാനൽ എന്നിവയുടെ ലോഞ്ചിങ്ങും ചsങ്ങിൽ നടക്കും.