തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ പ്രണയം നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് ഇന്നും മർദ്ദനം. നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ചാണ് ഉച്ചക്കട സ്വദേശി റോണി (20) വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. ഇയാളെ നാട്ടുകാർ തടഞ്ഞു വച്ചു. പിന്നീട് പൊലീസ് ഉദ്യോഗസ്ഥർ എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസവും നെയ്യാറ്റിൻകരയിലെ പൊതുനിരത്തിൽ വച്ച് പതിനേഴുകാരൻ സുഹൃത്തായ പെൺകുട്ടിയെ മർദ്ദിച്ചിരുന്നു. സംഭവം കണ്ട നാട്ടുകാർ യുവാവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറെടുത്ത് രക്ഷപ്പെട്ട വിദ്യാർത്ഥി ഒരു വഴിയാത്രക്കാരനെ ഇടിച്ചു തെറിപ്പിക്കുകയും രണ്ട് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്തു.ഇന്നലെ വൈകുന്നേരം നെയ്യാറ്റിൻകര ബസ് സ്റ്റാറ്റിൽ വച്ചാണ് സുഹൃത്തായ പെൺകുട്ടിയെ ആനവൂർ സ്വദേശിയായ പതിനേഴുകാരൻ അടിച്ചത്. പെൺകുട്ടി നിലവിളിച്ചപ്പോൾ ആൺകുട്ടി കാറുമെടുത്ത് വേഗത്തിൽ പാഞ്ഞു. ഇതിനിടെയാണ് ഒരു കാൽനടക്കാരനെ ഇടിച്ചു തെറിപ്പിച്ചത്. രണ്ടു വാഹനങ്ങളിലും കാറിടിച്ചു. നാട്ടുകാർ വാഹനം തടഞ്ഞപ്പോൾ നെയ്യാറ്റിൻകര പൊലിസെത്തി വിദ്യാർത്ഥിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
എന്നാൽ അടിച്ചതിൽ പരാതിയില്ലെന്നാണ് പെൺകുട്ടിയും അവരുടെ ബന്ധുക്കളും പൊലീസിനെ അറിയിച്ചത്. പക്ഷേ പൊലിസ് സ്വമേധായ കേസെടുത്ത ശേഷം പ്രായപൂർത്തിയാകാത്ത പ്രതിയെ വീട്ടുകാർക്കൊപ്പം ജാമ്യത്തിൽ വിട്ടയച്ചു. പരിക്കേറ്റ കാൽനടക്കാരൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുത്ത് അപകടത്തിന് കേസെടുക്കുമെന്ന് നെയ്യാറ്റിൻകര പൊലിസ് പറഞ്ഞു. ലൈസൻസില്ലാതെ വാഹനമോടിച്ചതക്കം ഗുരുതരമായ കുറ്റകൃത്യങ്ങളാണ് പ്രായപൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്കെതിരെയുള്ളത്.