കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ ഓർഗനൈസർ സ്ഥാനത്ത് നിന്ന് അഭിനേതാക്കളുടെ സംഘടനയായ അമ്മ പിന്മാറി എന്നത് കഴിഞ്ഞ ദിവസത്തെ വലിയ വാര്‍ത്തയായിരുന്നു. മൂന്ന് വര്‍ഷത്തിന് ശേഷം സിസിഎല്‍ സീസണ് തുടങ്ങി, ഈ സീസണില്‍ മത്സരിക്കുന്ന കേരള സ്ട്രൈക്കേഴ്സ് രണ്ട് മത്സരങ്ങള്‍ തോറ്റ് നില്ക്കുന്ന അവസ്ഥയിലാണ് താര സംഘടന അമ്മയുടെ വിശദീകരണം വരുന്നത്. ഇപ്പോള്‍ സിസിഎല്‍ കളിക്കുന്ന ടീമിന്റെ നോൺ പ്ലെയിംഗ്ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മോഹൻലാലും പിന്മാറിയെന്നും അമ്മ വ്യക്തമാക്കുന്നുണ്ട്. അഭിപ്രായവ്യത്യാസമുണ്ടെങ്കിലും താരങ്ങൾ സ്വന്തം നിലയ്ക്ക് സിസിഎല്ലിൽ പങ്കെടുക്കുന്നതിൽ എതിർപ്പില്ലെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞത്.
ഇതോടെ ഇപ്പോള്‍ സിസിഎല്‍ കളിക്കുന്ന സി 3 കേരള സ്ട്രൈക്കേഴ്സ് എന്ന ടീമിന് ടൂര്‍ണമെന്റില്‍ തുടര്‍ന്നും മത്സരിക്കാമെങ്കിലും. അവര്‍ക്ക് താര സംഘടനയായ അമ്മയുടെ പിന്തുണയില്ലെന്നാണ് വ്യക്തമാകുന്നത്. കൊച്ചി ആസ്ഥാനമാക്കി സിനിമ രംഗത്തെ നടന്മാരും, സാങ്കേതിക പ്രവര്‍ത്തകരും കളിക്കുന്ന ക്രിക്കറ്റ് ക്ലബാണ് സി3. ഇവര്‍ സ്വന്തം നിലയിലാണ് ഇപ്പോള്‍ സിസിഎല്ലില്‍ മത്സരിക്കുന്നത്. ഇവരുടെ മെന്ററും ഉടമകളും തമിഴ് ചലച്ചിത്രതാരം രാജ്കുമാർ സേതുപതി, ഭാര്യ ശ്രിപ്രിയ, ഷാജി ജെയ്സൻ എന്നിവരാണ്. ഇവരെ ഇപ്പോള്‍ നടന്നുവരുന്ന സിസിഎല്‍ മത്സരങ്ങളില്‍ സജീവമായി കാണാം. എന്നാല്‍ തുടര്‍ച്ചയായ രണ്ട് പരാജയത്തിന് ശേഷം സോഷ്യല്‍ മീഡിയയില്‍ അടക്കം അമ്മയെയും ചേര്‍ത്ത് കേരള സ്ട്രൈക്കേഴ്സിന്റെ പരാജയം ചേര്‍ത്ത് ട്രോളുകളും മറ്റും വരുന്നതാണ് അമ്മയുടെ വിശദീകരണത്തിന് പിന്നില്‍ എന്നാണ് വിവരം.
സിസിഎല്‍ സീസണ് ആരംഭിച്ച് കേരളത്തിലെ ആദ്യത്തെ മത്സരം ഈ വരുന്ന മാര്‍ച്ച് നാലിന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കാന്‍ പോകുകയാണ്. അതിനിടെയാണ് ആണ് അമ്മ സംഘടന നിലപാട് വ്യക്തമാക്കുന്നത്. കേരള
ടീമിന്റെ ഓർഗനൈസിംഗ് പദവിയിൽ അമ്മസംഘടനയും നോൺ പ്ളെയിംഗ് ക്യാപ്റ്റനായി മോഹൻലാലും ഉണ്ടാകുമെന്നായിരുന്നു നേരത്തെ സിസിഎല്‍ മാനേജ്മെന്റുമായി ഉണ്ടായിരുന്ന ധാരണ. എന്നാൽ ആ തീരുമാനത്തിൽ നിന്ന് പിൻവാങ്ങുന്നതായാണ് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു വ്യക്തമാക്കുന്നത്.
പല വിഷയങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായ സാഹചര്യത്തിൽ മോഹൻലാലിന്റേയും അമ്മ സംഘടനയുടെയും ചിത്രങ്ങൾ മത്സരങ്ങളിൽ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയതായി അമ്മ വ്യക്തമാക്കുന്നു. കഴിഞ്ഞ എട്ട് വർഷമായി കേരള ടീം മാനേജറായിരുന്നു ഇടവേള ബാബു. എന്നാൽ കേരള സ്ട്രൈക്കേഴ്സിന് കളിക്കാം. എന്നാല്‍ അമ്മയുടെ കടുത്ത നിലപാടിന് പിന്നിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ ഏത് തരത്തിലുള്ളതാണെന്ന് വ്യക്തമല്ല. സിസിഎല്‍ മാനേജ്മെന്റ് അമ്മയുടെ ചില നിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ലെന്നും, സ്പോണ്‍സര്‍ഷിപ്പ് തര്‍ക്കങ്ങളും അടക്കം ഇതിലുണ്ടെന്നാണ് അതേ സമയം അണിയറ വര്‍ത്തമാനം.
ആന്ധ്ര ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചില ബിസിനസുകാരുടെ ആശയമാണ് സിസിഎല്‍. ഇതില്‍ കേരളത്തില്‍ നിന്നും ഒഴികെ ടീമുകളുടെ മെന്റര്‍ സ്ഥാനത്തോ, അല്ലെങ്കില്‍ ക്യാപ്റ്റന്‍ സ്ഥാനത്തോ സൂപ്പര്‍ താരങ്ങളാണ്. തമിഴില്‍ ആര്യയാണ് ടീമിനെ നയിക്കുന്നത്. കന്നഡയില്‍ കിച്ച സുദീപ്, തെലുങ്കില്‍ നാഗ ചൈതന്യ ക്യാപ്റ്റനാകുമ്പോള്‍ ടീമിന്റെ ഉടമസ്ഥന് വെങ്കിടേഷാണ്, സല്മാന് ഖാന് ഹിന്ദി ടീമിന്റെ നോണ്‍ പ്ലെയിംഗ് ക്യാപ്റ്റനും ഉടമയുമാണ്, പഞ്ചാബില്‍ നിന്നും സോനു സോദ് ഇങ്ങനെ നീളുന്ന താര നിര. ഫെബ്രുവരി 18ന് ആരംഭിച്ച ഈ സീസണിലെ കളികള്‍ ശനി, ഞായര്‍ ദിവസങ്ങളിലാണ് നടക്കുന്നത്. യൂട്യൂബിലും, സീ 5ലും അടക്കം കളി ലൈവായി സംപ്രേഷണവും ചെയ്യുന്നുണ്ട്. പ്രദേശിക തലത്തില്‍ വിവിധ ചാനലുകളും അവരുടെ നാട്ടിലെ ടീമിന്റെ കളികള്‍ കാണിക്കുന്നുണ്ട്.