പോങ്യാങ്: ഉത്തരകൊറിയയിൽ ക്ഷാമഭയം മൂലം ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വിളിച്ച് കിം ജോങ് ഉൻ. ഭക്ഷണക്ഷാമം മറികടക്കാൻ കാർഷിക ഉത്പാദന പരിഷ്കരണം നടപ്പാക്കാനാണ് കിം ജോങ് ഉന്നിന്റെ ശ്രമം. ഇതു സംബന്ധിച്ച് സർക്കാർ പ്രതിനിധികളുമായി ഇന്നലെ ചർച്ച നടത്തിയതായി ഉത്തരകൊറിയയിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഉത്തരകൊറിയയിൽ ഭക്ഷണക്ഷാമം ഉടലെടുക്കുന്നതായി നേരത്തെ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഉത്തരകൊറിയയുടെ ഭക്ഷണ സ്ഥിതി മോശമായതായി ദക്ഷിണ കൊറിയയുടെയും പരാമർശം വന്നിരുന്നു. ഇതിനിടയിലാണ് ഉദ്യോഗസ്ഥരുടെ മീറ്റിങ് വിളിച്ച് കിം രംഗത്തെത്തിയിരിക്കുന്നത്. ഈ വർഷം ധാന്യ ഉത്പാദനം വർധിപ്പിക്കലാണ് ലക്ഷ്യമെന്ന് കിം ജോങ് ഉൻ വ്യക്തമാക്കിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരത്തെ നടന്ന പാർട്ടിയുടെ പ്ലീനറി യോഗത്തിൽ സുസ്ഥിരമായ കാർഷിക ഉൽപാദനത്തിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞിരുന്നു. രാജ്യത്ത് ഭക്ഷ്യക്ഷാമം രൂക്ഷമാവുമെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു നീക്കം. ഭക്ഷണക്ഷാമത്തെ നേരിടാൻ കാർഷിക ഉത്പാദനത്തിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ചായിരുന്നു ചർച്ച. ആണവായുധങ്ങളുടെയും ബാലിസ്റ്റിക് മിസൈൽ പദ്ധതികളുടെയും പേരിൽ ഉത്തരകൊറിയ കടുത്ത അന്താരാഷ്ട്ര ഉപരോധത്തിലാണ്. ഈ സാഹചര്യത്തിലാണ് ഭക്ഷണക്ഷാമം കൂടി രാജ്യത്ത് ഉടലെടുത്തിരിക്കുന്നത്.