പാലക്കാട്: പി.കെ ശശിക്കെതിരായ പാർട്ടി ഫണ്ട് തിരിമറി ആരോപണങ്ങളിൽ തെളിവുകൾ ലഭിച്ചതോടെ അന്വേഷണം ശക്തമാക്കുകയാണ് സിപിഎം സംസ്ഥാന നേതൃത്വം. 2016ൽ എംഎൽഎ ആയ ശേഷമുള്ള ശശിയുടെ സ്വത്ത് സമ്പാദനത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് സാധ്യത. സിപിഎം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ. ശശിക്കെതിരെ ഗുരുതരമായ സാമ്പത്തിക ആരോപണങ്ങളാണ് തെളിവുകൾ സഹിതം മണ്ണാർക്കാട് ഏരിയ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിനു മുന്നിൽ വെച്ചിരിക്കുന്നത്. 2010 ൽ മണ്ണാർക്കാട് പാർട്ടി ഏരിയ കമ്മിറ്റി ഓഫീസ് ആയ നായനാർ സ്മാരകത്തിൻ്റെ നിർമ്മാണത്തിൽ ബാക്കി വന്ന പത്തുലക്ഷം രൂപ പി.കെ. ശശിയുടെ റൂറൽ ബാങ്കിലെ അക്കൗണ്ടിലേക്ക് മാറ്റിയെന്നത് ഏറെ ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്. 2017 ൽ ജില്ലാ സമ്മേളനം നടത്തിയ വകയിലും ശശിയുടെ അക്കൗണ്ടിലേക്ക് 10 ലക്ഷം രൂപ മാറ്റിയതിൻ്റെ തെളിവുകളും പരിശോധിക്കുന്നുണ്ട്.
2016ൽ ഷൊർണൂരിൽ നിന്ന് നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ സ്വത്ത് വിവരങ്ങൾ പ്രകാരം ശശിയുടെ പേരിൽ കുടുംബസ്വത്തല്ലാതെ മറ്റൊരു സ്ഥാവര വസ്തുക്കളുമില്ല. സ്ഥിര നിക്ഷേപം ഉൾപ്പെടെ വിവിധ ബാങ്കുകളിലായി ഉണ്ടായിരുന്നത് വെറും 1 ലക്ഷത്തി 2608 രൂപ. ഭാര്യയുടെ പേരിൽ ഒരേക്കർ 72 സെൻ്റ് ഭൂമിയും 150 പവൻ സ്വർണവും. ശശിയ്ക്ക് 12 പവനും.പി.കെ. ശശി യൂണിവേഴ്സൽ കോളേജ് ചെയർമാൻ ആയ ശേഷമാണ് മകൻ്റെ പേരിൽ ഒരു കോടി രൂപ വിലയുള്ള സ്ഥലം വാങ്ങിയത്. ഇതിൻ്റെ പണം എവിടെ നിന്നെന്ന് നേതൃത്വം അന്വേഷിക്കുന്നുണ്ട്. ഇതു കൂടാതെ ശശിയുടെ ഡ്രൈവറർ ജയൻ്റെ പേരിൽ അലനെല്ലൂരൂരിൽ വാങ്ങിയ 1 കോടി രൂപയ്ക്ക് മേൽ വിലയുള്ള സ്ഥലത്തെ കുറിച്ചും അന്വേഷണമുണ്ടാകും.