ബ്രിസ്ബെയ്ന്‍: ഒട്ടേറെ പ്രത്യേകതകളോടു കൂടിയ “റിയല്‍ ജേര്‍ണി’ സിനിമാ ചിത്രീകരണത്തിന് ഓസ്ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ തുടക്കമായി. സിനിമാ നിര്‍മ്മാണ വിതരണ കമ്പനികളായ കങ്കാരു വിഷനും വേള്‍ഡ് മദര്‍ വിഷനും ചേര്‍ന്നാണ് ഓസ്ട്രേലിയയില്‍ മലയാളമടക്കം വിവിധ ഭാഷകളില്‍ നിര്‍മ്മിക്കുന്ന സിനിമാ ചിത്രീകരണത്തിന് തുടക്കമിട്ടത്.
ബ്രിസ്ബെനിലെ ഗ്രിഫിത്ത് യൂണിവേഴ്സിറ്റിയിലെ സൗത്ത് ബാങ്ക് ക്യാംപസില്‍ നടന്ന ചടങ്ങില്‍ റിയല്‍ ജേര്‍ണിയുടെ ചിത്രീകരണത്തിന്റെയും ചലച്ചിത്ര നിര്‍മ്മാണ പദ്ധതിയുടെയും ഉദ്ഘാടനം ലോക ദേശീയ ഗാനാലാപന സഹോദരിമാരും ലോക റെക്കോര്‍ഡ് ജേതാക്കളുമായ ആഗ്നെസ് ജോയ്, തെരേസ ജോയ് എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. വിതരണ കമ്പനികളുടെ ഡയറക്ടറും നടനും നിര്‍മ്മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും നിര്‍മ്മാതാവും സംവിധായകനുമായ പീറ്റര്‍ വാട്ടര്‍മാന്‍ റിയല്‍ ജേര്‍ണിയുടെ അനിമേഷന്‍ ടൈറ്റില്‍ പ്രകാശനം ചെയ്തു. യുണൈറ്റഡ് നേഷന്‍ അസോസിയേഷന് ഓസ്ട്രേലിയന്‍ പ്രസിഡന്റ് ക്ലെയര്‍ മോര് ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു. കാലംവെയില്‍ വാര്‍ഡ് കൗണ്‍സിലര്‍ എയ്ഞ്ചല്‍ ഓവന് ആദ്യ ക്ലാപ് അടിച്ചു.
ചലച്ചിത്ര സംവിധായകന് ഗ്ലെന്‍, അഭിനേതാക്കളായ ടാസോ, അലന സിറ്റ്സി, ഡോ.ചൈതന്യ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് ഓസ്ട്രേലിയന്‍ സെക്രട്ടറി ഡോ. സിറിള്‍ ഫെര്‍ണാണ്ടസ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പ്രകാശനം ചെയ്തു.
യുണൈറ്റഡ് മലയാളീസ് ഓഫ് ക്വീന്‍സ് ലാന്‍ഡ് പ്രസിഡന്റ് ഡോ. ജേക്കബ് ചെറിയാന്, ഒഎച്ച്എം മുന്‍ പ്രസിഡന്റും ആര്‍ട്സ് കോഡിനേറ്ററുമായ ജിജി ജയനാരായണ്, ജയിംസ് കുക്ക് യൂണിവേഴ്സിറ്റി അസി.പ്രൊഫെസര്‍ ഡോ.എബ്രഹാം മാത്യു എന്നിവര്‍ ടൈറ്റില്‍ സോംഗും വീഡിയോയും പ്രകാശനം നിര്‍വഹിച്ചു.മുഴുനീള ചലച്ചിത്രങ്ങള്‍,ഡോക്യുമെന്ററികള്‍ നിര്‍മ്മിച്ച് ഓസ്ട്രേലിയയിലും വിവിധ രാജ്യങ്ങളിലും ഒടിടി പ്ലാറ്റ് ഫോമുകളിലും പ്രദര്‍ശിപ്പിക്കുക, സിനിമ സംവിധാനം, തിരക്കഥ ,അഭിനയം ഛായാഗ്രഹണം എന്നിവയില്‍ പരിശീലനം നല്‍കാനും ലക്ഷ്യമിട്ടാണ് ചലച്ചിത്ര നിര്‍മ്മാണ പദ്ധതികള്‍.