പയ്യന്നൂർ: റോഡ് വികസനത്തിന് സ്ഥലം വിട്ടു കൊടുക്കാതിരുന്ന അഭിഭാഷകൻ്റെ ബൈക്കും കാറും അക്രമികൾ അടിച്ചു തകർത്തു. ഇന്നലെ അർധരാത്രിയാണ് സംഭവം. അഭിഭാഷകനായ മുരളി പള്ളത്തിൻ്റെ ബൈക്കും കാറുമാണ് അക്രമികൾ അടിച്ചു തകർത്തത്. പയ്യന്നൂർ – പെരുമ്പ മാതമംഗലം റോഡിന് ഏകപക്ഷീയമായി സ്ഥലമേറ്റെടുക്കുന്നതിനെതിരെ മുരളി പള്ളത്തിൻ്റെ നേതൃത്വത്തിൽ പ്രദേശവാസികളായ അൻപതോളം പേർ കോടതിയെ സമീപിച്ചിരുന്നു. റോഡ് വികസനത്തിന് സ്ഥലമേറ്റെടുക്കുന്നത് തടഞ്ഞ് മുൻസിഫ് കോടതി ഉത്തരവ് ഇറക്കുകയും ചെയ്തു.
എന്നാൽ കോടതി വിധി മറികടന്നും പൊലീസിനെ കാഴ്ച്ചക്കാരാക്കിയും ജനകീയ സമിതി എന്ന പേരിൽ സി പി എം പ്രവർത്തകരുടെ നേതൃത്വത്തിൽ സ്ഥലമേറ്റെടുക്കുന്ന കാര്യം ഏഷ്യാനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ മുൻകൈയ്യെടുത്താണ് ഭൂമിയേറ്റെടുക്കുന്നത്. ഇന്നലെ ഭൂമിയേറ്റെടുക്കാനുള്ള നീക്കം മുരളിയുടെ നേതൃത്വത്തിൽ നാട്ടുകാർ തടയാൻ ശ്രമിച്ചിരുന്നു. ഇതിലെ വൈരാഗ്യമാവാം അക്രമത്തിന് പിന്നിലെന്ന് മുരളി പള്ളത്ത് പറഞ്ഞു. കടുത്ത പ്രതിരോധം മറികടന്നും മുരളിയുടെ സ്ഥലമടക്കം ഇന്നലെ റോഡിനായി ഏറ്റെടുത്തിരുന്നു.
ഉപജീവനമാർഗമായ പലചരക്ക് കടയടക്കം നഷ്ടപരിഹാരമില്ലാതെ വിട്ടു കൊടുക്കേണ്ടി വന്ന അവസ്ഥയുള്ള ഒരു വ്യാപാരി ഈ പ്രദേശത്തുണ്ട്. ഇങ്ങനെ ഭൂമി വിട്ടുകൊടുക്കുമ്പോൾ നഷ്ടപരിഹാരം കിട്ടണമെന്നാവശ്യപ്പെട്ട് 50 കുടുംബങ്ങൾ പൊതുമരാമത്ത് വകുപ്പിനും കിഫ്ബിക്കും പരാതി നൽകിയിരുന്നു. പയ്യന്നൂർ എംഎൽഎ ടിഐ മധുസൂധനൻ മുന്നിൽ നിന്നാണ് ജനകീയ സമിതി എന്ന പേരിൽ ഒരു പ്രതിഷേധവും വക വയ്ക്കാതെ റോഡിനായി സ്ഥലം അതിക്രമിച്ച് കയ്യേറുന്നത്. എന്നാൽ ഭീഷണിയുള്ളത് കൊണ്ട് പലയാളുകൾക്കും എതിർക്കാൻ ഭയമാണ്. വികസനത്തിനായി ഭൂമി ഏറ്റെടുക്കുമ്പോൾ പ്രദേശത്തെ ഭൂമി രജിസ്ട്രേഷൻ വിലയുടെ ഇരട്ടിയെങ്കിലു നഷ്ടപരിഹാരം നൽകണം എന്നാണ് 2013 ലെ കേന്ദ്ര ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം പറയുന്നത്. എന്നാൽ പയ്യന്നൂർ മാതമംഗലം പിഡബ്യൂഡി റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് വികസിപ്പിക്കുമ്പോൾ ഭൂമി നഷ്ടപ്പെടുന്നവർക്ക് ഒരു രൂപയും കിട്ടുന്നില്ല.
പെരുമ്പ മുതിയൂർ സ്വദേശിയായ ശരണ്യയ്ക്കും കുടുംബത്തിനും ആകെ 15 സെന്റ് സ്ഥലമാണുള്ളത്. പെരുമ്പ മാതമംഗലം റോഡിന് വീതികൂട്ടുമ്പോൾ ഇവരുടെ രണ്ടര സെന്റ് സ്ഥലം പോകും. നഷ്ടപരിഹാരം നൽകാതെ ഭൂമി വിട്ടു കൊടുക്കില്ല എന്ന നിലപാടിലാണ് കുടുംബം . മുൻസിഫ് കോടതിയെ സമീപിച്ച് അനുകൂല ഉത്തരവും വാങ്ങി. എന്നാൽ കഴിഞ്ഞ ദിവസം സി പി എം ബ്രാഞ്ച് സെക്രട്ടറി അടക്കമുള്ളവർ ജെസിബിയുമായെത്തി വീടിന്റെ മതിൽ ഇടിച്ച് പൊളിച്ചു. ഒരു രൂപ നഷ്ടപരിഹാരം തരില്ലെന്നും നിന്നെ കൊന്നിട്ടാണെങ്കിലും റോഡുണ്ടാക്കും എന്നാണ് ബ്രാഞ്ച് സെക്രട്ടറി ഭീഷണി മുഴക്കിയത്.