മുംബൈ: ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ടിന് പിന്നാലെ ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പിന്‍റെ തകർച്ച തുടങ്ങിയിട്ട് ഇന്ന് ഒരുമാസമാവുന്നു. 12 ലക്ഷം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ അദാനി ഗ്രൂപ്പ് നേരിട്ടത്. ഒരു മാസം കൊണ്ട് ലോക ധനികരുടെ പട്ടികയിൽ ആദ്യ മൂന്നിൽ നിന്ന് 27 ആം സ്ഥാനത്തേക്കാണ് അദാനി വീണത്.
ഷെൽ കമ്പനികളുപയോഗിച്ച് ഓഹരി മൂല്യം ഉയർത്തുക, കൂടിയ ഓഹരി ഈടായി നൽകി വായ്പ എടുക്കുക, ഇന്ത്യൻ നിയമങ്ങൾക്ക് വിരുദ്ധമായി കമ്പനികളിൽ കൂടുതൽ ഓഹരി സ്വന്തമാക്കി വയ്ക്കുക തുടങ്ങിയ ആരോപണങ്ങളാണ് ഹിന്റൻബർഗ് റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. വിപണിയിൽ നേരത്തെ തന്നെ പറഞ്ഞ് കേട്ട ആരോപങ്ങൾ തന്നെയായിരുന്നു ഇവ. അദാനിയെ പോലെ ഒരു വമ്പനെ ഇതൊന്നും കാര്യമായി ബാധിക്കില്ലെന്ന് വിശ്വസിച്ച വലിയൊരു വിഭാഗമുണ്ടായിരുന്നു. പക്ഷെ ഒരു മാസം ഇപ്പുറം ഓഹരി വിപണിയിലെ ഏറ്റവും വലിയ വീഴ്ചയാണ് അദാനി ഗ്രൂപ്പിന് നേരിടേണ്ടി വന്നത്.വൻ പ്രതിസന്ധിയിലും രാജ്യത്തെ ഏറ്റവും വലിയ തുടർ ഓഹരി വിൽപന ഒരു വിധം വിജയിപ്പിച്ചെടുക്കാൻ അദാനിക്ക് കഴിഞ്ഞതാണ്. എന്നാൽ 24 മണിക്കൂർ കഴിയുന്നതിന് മുൻപ് തന്നെ അത് പിൻവലിക്കുന്നതായി ഗൗതം അദാനിക്ക് പ്രഖ്യാപിക്കേണ്ടി വന്നു. 19 ലക്ഷം കോടി ആകെ ഓഹരി മൂല്യമുണ്ടായിരുന്നത് ഇന്ന് 7 ലക്ഷം കോടി രൂപയിലേക്കാണ് വീണത്. 74 ശതമാനം ഇടിവ്.
ഓഹരി മൂല്യം 85 ശതമാനം വരെ ഇടിയുമെന്നാണ് ഹിൻഡൻ ബർഗ് പ്രവചിച്ചിരിക്കുന്നത്. ബാങ്കുകൾ വായ്പാ തിരിച്ചടവിന് സമ്മർദ്ദം ചെലുത്തുന്നതിനാൽ വൻ തുക വായ്പ എടുത്ത് വമ്പൻ പദ്ധതികൾ തുടങ്ങുന്ന അദാനി മോഡലിന് തത്ക്കാലം മരവിപ്പാണ്. ഹിൻഡൻ ബർഗ് പുറത്ത് വിട്ട് റിപ്പോർട്ടിന് അക്കമിട്ട് മറുപടി പറയുന്നതിൽ അദാനി പരാജയപ്പെട്ടെന്നാണ് പൊതുവിലയിരുത്തൽ. ഒപ്പം നിയമനടപടി സ്വീകരിക്കുമെന്ന് പറയുന്നതല്ലാതെ എവിടെയും അദാനി നേരിട്ട് പരാതി നൽകിയിട്ടുമില്ല. ചുരുക്കത്തിൽ പ്രതിസന്ധി കാലം അവസാനിക്കുന്നതിന്‍റെ സൂചനകളൊന്നും ഇതുവരെ ഇല്ല.