ഒരു വിമാനം 10 മിനിറ്റ് വൈകിയാൽ എന്ത് സംഭവിക്കും? എയർപോർട്ടിൽ വൈകി ഇറങ്ങും, യാത്രക്കാരും ആ പത്ത് മിനിറ്റ് വൈകും എന്നാണോ ഉത്തരം. എന്നാൽ തെറ്റി, എല്ലായിടത്തും അങ്ങനെയല്ല കാര്യങ്ങൾ. ജപ്പാനിൽ ഒരു വിമാനം വെറും പത്ത് മിനിറ്റ് വൈകിയതിന് അതിന് വന്ന എയർപോർട്ടിലേക്ക് തന്നെ തിരികെ പോകേണ്ടി വന്നു. 335 യാത്രക്കാരുമായി എത്തിയ വിമാനമാണ് തിരികെ പോയത്.
ഫെബ്രുവരി 19 -ന് ടോക്കിയോയിലെ ഹനേദ എയർപോർട്ടിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. എന്നാൽ, 6.30 -ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകി പുറപ്പെട്ടത് രാത്രി എട്ട് മണിക്കാണ്. ടോക്കിയോ ഫുകുവോക്ക എന്നീ രണ്ട് നഗരങ്ങൾ തമ്മിലുള്ള ദൂരം 1000 കിലോമീറ്ററിലധികമുണ്ടായിരുന്നു. ആസാഹി ഷിംബുൺ പത്രത്തിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം, 10 മിനിറ്റ് വൈകിയാണ് വിമാനം ഫുകുവോകയിൽ എത്തിയത്. എന്നാൽ, വൈകിയ കാരണം പറഞ്ഞ് വിമാനത്തിന് ആ വിമാനത്താവളത്തിൽ ഇറങ്ങാൻ സാധിച്ചില്ല എന്ന് മാത്രമല്ല, തിരികെ പോകേണ്ടിയും വന്നു. തിരികെ വരുന്ന വഴിയിൽ സർവീസ് നടത്താനും ഇന്ധനം നിറയ്ക്കാനും വേണ്ടി പൈലറ്റിന് കൻസായി എയർപോർട്ടിൽ നിർത്തേണ്ടിയും വന്നു. അങ്ങനെ അഞ്ച് മണിക്കൂർ എടുത്താണ് ഇത്രയധികം യാത്രക്കാരുമായി വിമാനം പുറപ്പെട്ട വിമാനത്തവാളത്തിൽ തന്നെ എത്തിച്ചേർന്നത്. പുലർച്ചെ 2.50 -ന് വിമാനം സുരക്ഷിതമായി ടോക്കിയോയിൽ ലാൻഡ് ചെയ്തു. യാത്രക്കാർക്ക് ഹോട്ടലിൽ താമസം ഏർപ്പാടാക്കി. പിറ്റേന്ന് രാവിലെ വിമാനം ഫുകുവോക്കയിലേക്ക് പോകാനുള്ള ഏർപ്പാടും ചെയ്തിരുന്നു.
രാത്രി പത്ത് മണിക്ക് ശേഷം ഫുകുവോക്ക വിമാനത്താവളത്തിൽ വിമാനങ്ങൾക്ക് ലാൻഡ് ചെയ്യുന്നതിന് നിയന്ത്രണം ഉണ്ട്. സമീപത്ത് താമസിക്കുന്നവർക്ക് ശബ്ദം കാരണം ഉറക്കം നഷ്ടപ്പെടുന്നതിനാലാണ് ഇത് എന്ന് പറയുന്നു. പക്ഷേ, പ്രതികൂല കാലാവസ്ഥ പോലെയുള്ളവയാണ് വിമാനമെത്തുന്നതിലുള്ള കാലതാമസത്തിന് കാരണമായതെങ്കിൽ വിമാനത്തെ ഇറങ്ങാൻ അനുവദിക്കാറുണ്ട്.