ശ്രീനഗർ: ജമ്മു കശ്മീരിലെ താഴ്വരയിലെ ഉൾപ്രദേശങ്ങളിൽ നിന്ന് ഇന്ത്യൻ സൈന്യത്തെ പിൻവലിക്കാൻ ആലോചന. ജമ്മു കശ്മീരിൻറെ പ്രത്യേക പദവി റദ്ദാക്കിയപ്പോൾ വൻതോതിൽ സൈനികരെ വിന്യസിച്ചിരുന്നു. മൂന്നര വർഷത്തിന് ശേഷം ഇത് പിൻവലിക്കാനാണ് ആലോചന. പുതിയ നിർദേശത്തിന് അംഗീകാരം ലഭിച്ചാൽ നിയന്ത്രണരേഖയിൽ മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാവുകയുള്ളൂ.
കശ്മീർ ഉൾപ്രദേശങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കാനുള്ള നിർദ്ദേശം രണ്ട് വർഷമായി ചർച്ചയിലുണ്ട്. പ്രതിരോധ , ആഭ്യന്തര മന്ത്രാലയങ്ങൾക്ക് പുറമെ, സായുധ സേന, പൊലീസ് എന്നിവർ കൂടി ഭാഗമായ വിശദമായ ചർച്ച ഇക്കാര്യത്തിൽ നടന്നിരുന്നു. സൈന്യത്തെ പിൻവലിക്കുന്ന കാര്യത്തിൽ ചർച്ചകളിൽ ഏകദേശ ധാരണയായിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഇനി ദില്ലിയിൽ നിന്നുള്ള അറിയിപ്പിനായി കാത്തിരിക്കുകയാണെന്നും സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. 2019 ആഗസ്റ്റിൽ കശ്മീർ പുനസംഘടനാ ബിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കശ്മീർ താഴ്വരകളിൽ വൻതോതിൽ സൈന്യത്തെ വിന്യസിച്ചത്. കഴിഞ്ഞ മൂന്നരവർഷമായി സൈന്യം കശ്മീരിൻ്റെ ഉൾപ്രദേശങ്ങളിലെല്ലാം തമ്പടിച്ചിരിക്കുകയായിരുന്നു. ഇന്ത്യൻ സൈന്യത്തിൻ്റെ ഭാഗമായ രാഷ്ട്രീയ റൈഫിൾസിനാണ് ജമ്മു കശ്മീരിൻ്റെ സുരക്ഷാ ചുമതല. ഏതാണ്ട് അരലക്ഷത്തോളം സൈനികരാണ് ഇത്രയും ക്രമസമാധാനപാലനത്തിൽ ഉൾപ്രദേശങ്ങളിൽ ജോലി ചെയ്തത്. കശ്മീർ വിഭജനത്തിന് ശേഷം അക്രമസംഭവങ്ങളിൽ അൻപത് ശതമാനത്തോളം കുറവുണ്ടായെന്നാണ് കണക്കുകൾ. ഈ സാഹചര്യത്തിൽ സൈന്യത്തെ പൂർണമായും നിയന്ത്രണരേഖയിലേക്ക് മാറ്റി സിആർപിഎഫിനെ സുരക്ഷാ ചുമതലയിൽ നിയോഗിക്കാനാണ് ആലോചന. ഘട്ടം ഘട്ടമായിട്ടാവും സൈന്യത്തെ പിൻവലിക്കുക.