ബ്രിസ്ബെയ്ൻ: പൗരാണികവും ക്നാനായക്കാരുടെ തനതു കലാരൂപവുമായ മാർഗംകളിയെ നെഞ്ചിലേറ്റി ബ്രിസ്ബെയ്നിലെ ഒരു കൂട്ടം ക്നാനായക്കാർ. കത്തിച്ച നിലവിളക്കിന് മുൻപിൽ ലാസ്യത്തിലധിഷ്ഠിതമായ ആട്ടവും, ചുവടുകളുമായി ഗ്രീൻ ബാങ്ക് കമ്മുണിറ്റി സെന്ററിൽ നടന്ന അരങ്ങേറ്റം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി. ക്നായി തൊമ്മന്റെയും, തോമാസ്ലീഹയുടെയും ദീപ്തമായ സ്മരണകൾ ചടുലമായ ചുവടുകൾക്ക് ആവേശം പകർന്നു കൊണ്ടിരുന്നു.ഓസ്ട്രേലിയയിൽ പേരുകേട്ട മാർഗംകളി ആശാനായ പുളിംന്പാറയിൽ ജോസാശാന്റെ ശിഷ്യൻ ബിനീഷ് ചേലമൂട്ടിലിന്റെ നേതൃത്വത്തിൽ നടന്ന നിരന്തരമായ പരിശീലനത്തിനൊടുവിലാണ് മാർഗംകളി അരങ്ങിലെത്തിച്ചത്. മാർഗംകളിയുടെ പൈതൃകവും പാരന്പര്യവും വരും തലമുറകളിലേക്ക് പകർന്ന് നൽകുക എന്ന ലഷ്യമാണ് ഈ കൂട്ടായ്മയ്ക്കുള്ളത്. ക്നാനായ കാത്തലിക് കോണ്ഗ്രസ് ക്യൂൻസ് ലാന്റ് പ്രസിഡന്റ് സുനിൽ കാരിക്കൽ സന്നിഹിതനായിരുന്നു.
ബിനീഷ് ചേലമൂട്ടിൽ, ജോസ് ചിറയിൽ, കുഞ്ഞുമോൻ കാഞ്ഞിരത്തിങ്കൽ, ജീസ്മോൻ വള്ളീനായിൽ, സനു മാലിയിൽ, മോഹിൻ വലിയപറന്പിൽ, വിമൽ പൂഴിക്കാലാ, മെൽവിൻ ചിറയിൽ, മെൽജോ ചിറയിൽ, ജെറോം കളപ്പുരയിൽ, അനൂപ് ചേരുവൻകാലായിൽ, മോനായി ചന്പാനിയിൽ എന്നിവരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിച്ച കലാകാരൻമാർ.