സിഡ്നി: ഓസ്ട്രേലിയയിലെ ഇന്ത്യക്കാര്‍ക്കിടയില്‍ ജാതി വിവേചനം വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്.കുടിയേറ്റം വര്‍ധിക്കുന്നതിന് അനുസരിച്ച് ജാതി വിവേചനം ശക്തമാകുന്നതിനെതിരേ കര്‍ശനമായ നടപടികള്‍ക്കൊരുങ്ങുകയാണ് ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്.രാജ്യാന്തര മാധ്യമമായ ദ ഗാര്‍ഡിയനാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.ഓസ്ട്രേലിയന്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, തെക്കന്‍, മധ്യേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് ഇപ്പോള്‍ ഓസ്ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ കുടിയേറ്റക്കാര്‍ എത്തുന്നത്.2018-19, 2021-22 വര്‍ഷങ്ങളില്‍ ഇവിടങ്ങളില്‍നിന്ന് യഥാക്രമം 28 ശതമാനവും 32 ശതമാനവും കുടിയേറ്റക്കാര്‍ പുതുതായി എത്തി.2021 ലെ സെന്‍സസ് പ്രകാരം, വിദേശത്ത് ജനിച്ച ഓസ്ട്രേലിയക്കാരുടെ പട്ടികയില്‍ ഇന്ത്യാക്കാര്‍ മൂന്നാം സ്ഥാനത്താണ്.
ഓസ്ട്രേലിയന്‍ സമൂഹം കൂടുതല്‍ ബഹുസ്വരമാകുന്നതോടെ ജാതി വിവേചനം ഒരു പ്രധാന പ്രശ്നമായി മാറുകയാണെന്ന് മെല്‍ബണ്‍ യൂണിവേഴ്സിറ്റിയിലെ നിയമ പ്രൊഫസറായ ബെത്ത് ഗെയ്സ് പറയുന്നു.ദക്ഷിണേഷ്യന്‍ സമൂഹത്തില്‍ ആധിപത്യം പുലര്‍ത്തുന്ന സവര്‍ണ വിഭാഗമാണ് ഓസ്ട്രേലിയയിലെ പൊതു, സ്വകാര്യ മേഖലകളില്‍ താക്കോല്‍ സ്ഥാനങ്ങള്‍ വഹിക്കുന്നത്. ഇത്തരത്തിലുള്ള വിവേചനം നിലവിലില്ലെന്നാണ് അവര്‍ അവകാശപ്പെടുന്നത്.എന്നാല്‍ ഇത്തരം വിവേചനങ്ങള്‍ക്കെതിരേ ഒരു ചട്ടക്കൂട് തയാറാക്കാനുള്ള ഒരുക്കത്തിലാണ് ഓസ്ട്രേലിയന്‍ മനുഷ്യാവകാശ കമ്മിഷന്.ഗവണ്മെന്റ്, എന്‍.ജി.ഒകള്‍, ബിസിനസ്, കമ്മ്യൂണിറ്റികള്‍ എന്നിവിടങ്ങളില്‍ ജാതി വിവേചനം തടയാനുള്ള മാര്‍ഗനിര്‍ദേശങ്ങൾ നല്കുന്ന ദീര്‍ഘകാല റഫറൻസായിരിക്കും ഈ ചട്ടക്കൂട്.
ഓസ്ട്രേലിയയിലെ ജാതീയതയുടെ കാര്യത്തില്‍ താൻ അതീവ ഉത്കണ്ഠാകുലനാണെന്ന് വംശീയ വിവേചന കമ്മീഷണര്‍ പറഞ്ഞു.ഇത്തരം അധിക്ഷേപങ്ങള്‍ ഒരാളെ നിരാശനാക്കുന്നു. സ്വന്തം ഐഡന്റിറ്റിയെക്കുറിച്ച് അല്‍പ്പം കുറ്റബോധം തോന്നിക്കാന്‍ ഇടയാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.