ഡിസംബർ 12ന് ബ്രിസ്ബൈനിൽ നിന്ന് 300 കിലോമീറ്റർ അകലെയുള്ള വിയാംബില്ലയിലെ ഒരു വസതിയിലാണ് ആക്രമണമുണ്ടായത്.രണ്ടു പൊലീസുകാരും ഒരു അയൽവാസിയും വെടിവയ്പ്പിൽ കൊല്ലപ്പെട്ടു.വെടിവയ്പ്പ് നടത്തിയ നഥാനിയേൽ ട്രെയിൻ, സഹോദരൻ ഗാരത്ത് ട്രെയിൻ, ഭാര്യ സ്റ്റേസി ട്രെയിൻ എന്നിവർ അന്നു രാത്രി സ്പെഷ്യലിസ്റ്റ് പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മരിച്ചിരുന്നു.“ക്രിസ്തീയ തീവ്രവാദ ആശയങ്ങളുടെ” സ്വാധീനത്തിൽ നടന്ന ഓസ്ട്രേലിയയിലെ ആദ്യത്തെ ആഭ്യന്തര ഭീകരാക്രമണമായിരുന്നു ക്വീൻസ്ലാന്റിലേത് എന്നാണ് പൊലീസ് കണ്ടെത്തിയത്.പ്രീമില്ലേനിയലിസം എന്നറിയപ്പെടുന്ന ക്രിസ്ത്യൻ മതമൗലിക വിശ്വാസ സമ്പ്രദായത്തിൽ നിന്നുള്ള പ്രേരണയാണ് കൊലപാതകങ്ങളിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു.
പെട്ടെന്നുണ്ടായ ആക്രമണമായിരുന്നില്ല ഇതെന്നും, മുൻകൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് വെടിവയ്പ്പ് നടത്തിയതെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ട്രേസി ലിൻഫോർഡ് പറഞ്ഞു.190 ലധികം പേരുടെ മൊഴികൾ അന്വേഷണ സംഘം എടുത്തതായി പോലീസ് വ്യക്തമാക്കി.ട്രെയിൻ കുടുംബത്തിന്റെ ജീവിതം പരിശോധിച്ചതായും ലിൻഫോർഡ് കൂട്ടിച്ചേർത്തു.പൊലീസിനെ ലക്ഷ്യമിട്ടുള്ള ആക്രമണമായിരുന്നു എന്ന് അന്വേഷണത്തിൽ നിന്ന് തെളിഞ്ഞതായി ലിൻഫോർഡ് ചൂണ്ടിക്കാട്ടി.മൂന്നംഗ സംഘം നടത്തിയ ഗൂഢാചാലയാണെന്നും, മറ്റാർക്കും ഇതിൽ പങ്കില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ.വിപുലമായ തയ്യാറെടുപ്പുകൾക്ക് ശേഷമാണ് ആക്രമണം നടത്തിയതെന്നും പോലീസ് ചൂണ്ടിക്കാട്ടി.
അക്രമികൾ പോലീസിനെ കബളിപ്പിക്കാൻ ആവശ്യമായ രീതിയിൽ വസ്ത്രധാരണം ചെയ്തതായും, സംഭവസ്ഥലത്ത് നിന്ന് പല തരത്തിലുള്ള ആയുധങ്ങൾ കണ്ടെടുത്തതായും പോലീസ് വ്യക്തമാക്കി.
വെടിവയ്പ്പിനെക്കുറിച്ച് നേരെത്തെ അറിവില്ലായിരുന്നു എന്നാണ് നഥാനിയേലിന്റെയും സ്റ്റെയ്‌സിയുടെയും മകളായ മാഡെലിൻ ട്രെയിൻ മൊഴി നൽകിയത്.ഗാരത്തിന് തീവ്രമായ നിലപാടുകൾ ഉണ്ടായിരുന്നതായി മാഡെലിൻ പോലീസിനോട് പറഞ്ഞു.നഥാനിയേലിന്റെ കൈവശം തോക്കുകൾ ഉണ്ടായിരുന്നതായും, സ്റ്റേസിക്കും ഗാരിക്കും ആയുധം കൈവശം വയ്ക്കാനുള്ള ലൈസൻസ് ഉണ്ടായിരുന്നതായും പറഞ്ഞു.