തണുപ്പുകാലം ഹിമാലയം വിനോദ സഞ്ചാരികള്‍ക്കും സാഹസീകത ഇഷ്ടപ്പെടുന്നവര്‍ക്കും ഏറെ പ്രീയങ്കരമായ സ്ഥലമാണ്. ഈ സാധ്യതയെ മുന്നില്‍ കണ്ട് ഇന്ത്യയില്‍ ആദ്യത്തെ തണുത്തുറഞ്ഞ തടാകത്തിലെ മാരത്തണ്‍ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 20 -ാം തിയതി രാജ്യത്തെ ആദ്യത്തെ ശീതീകരിച്ച തടാക മാരത്തണിന് ലഡാക്ക് ആതിഥേയത്വം വഹിക്കും. ഇതിന്‍റെ മുന്നോടിയായി ട്രയല്‍ റണ്‍ നടന്നു. തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടുന്ന പുരുഷന്‍റെയും സ്ത്രീയുടെയും വീഡിയോ സംഘാടകര്‍ പുറത്ത് വിട്ടു. തടാകം മാരത്തണിന് സുരക്ഷിതമാണെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. ലഡാക്ക് ഓട്ടോണമസ് ഹിൽ ഡെവലപ്‌മെന്‍റ് കൗൺസിൽ-ലേ, ടൂറിസം ഡിപ്പാർട്ട്‌മെന്‍റ്, ലേ ജില്ലാ ഭരണകൂടം എന്നിവയുടെ സഹകരണത്തോടെ അഡ്വഞ്ചർ സ്‌പോർട്‌സ് ഫൗണ്ടേഷൻ ഓഫ് ലഡാക്കാണ് (എഎസ്‌എഫ്‌എൽ) പരിപാടി സംഘടിപ്പിക്കുന്നത്.
13,862 അടി ഉയരത്തിലുള്ള പാംഗോങ് തടാകത്തിലാണ് മാരത്തണ്‍ നടക്കുക. അതിശൈത്യത്തിന്‍റെ ഫലമായി തടാകം തണുത്തുറഞ്ഞ അവസ്ഥയിലാണ്. ശൈത്യകാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് തടാകത്തിലൂടെയുള്ള മാരത്തണ്‍ സംഘടിപ്പിക്കുന്നത്. ഇന്ത്യയിൽ നിന്നും വിദേശത്ത് നിന്നുമായി തെരഞ്ഞെടുത്ത 75 കായിക താരങ്ങൾ മാരത്തണില്‍ പങ്കെടുക്കും. 21 കിലോമീറ്റർ മാരത്തൺ ലുക്കുങ്ങിൽ നിന്ന് ആരംഭിച്ച് ലഡാക്കിലെ മാൻ ഗ്രാമത്തിൽ അവസാനിക്കും. ‘ലാസ്റ്റ് റൺ’ എന്ന് പേരിട്ടിരിക്കുന്ന മാരത്തൺ കാലാവസ്ഥാ വ്യതിയാനം ഉയർത്തിക്കാട്ടുന്നു. ഇത് സുസ്ഥിര വികസനത്തിന്‍റെയും കാർബൺ ന്യൂട്രൽ ലഡാക്കിന്‍റെയും സന്ദേശവും നൽകുമെന്ന് സംഘാടകര്‍ പറഞ്ഞു.
ഇന്ത്യൻ ആർമിയുടെയും ഇൻഡോ-ടിബറ്റൻ ബോർഡർ പോലീസിന്‍റെയും (ഐടിബിപി) മേല്‍നോട്ടത്തിലാകും മരത്തണ്‍ നടക്കുക. സുസ്ഥിര വികസനത്തിന്‍റെയും കാർബൺ ന്യൂട്രൽ ലഡാക്കിന്‍റെയും സന്ദേശം മുന്‍നിര്‍ത്തി സംഘടിപ്പിക്കുന്ന ഈ മാരത്തണ്‍ ഏറെ വെല്ലുവിളി നിറഞ്ഞതാണെന്നും പരിപാടിയുടെ വിജയത്തിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്നും ജില്ലാ വികസന കമ്മീഷണർ ശ്രീകാന്ത് ബാലാസാഹെബ് സൂസെ പറഞ്ഞു.
ഇന്ത്യയുടെയും ചൈനയുടെയും അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന 700 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള പാംഗോങ് തടാകം തണുപ്പുകാലത്ത് മൈനസ് 30 ഡിഗ്രി സെൽഷ്യസിലേക്ക് കൂപ്പുകുത്തും. ഇത് ലോകത്തിലെ ഏറ്റവും വലിയ ഉപ്പുവെള്ള തടാകത്തെ വലിയ ഐസ് പാളിയാക്കിമാറ്റും. ഇത്രയും ഉയരത്തില്‍ തണുത്തുറഞ്ഞ തടാകത്തിലൂടെ ഓടുകയെന്നാല്‍ അത് അത്ര നിസാരമല്ല. അതിനാല്‍ നിശ്ചിത ദിവസത്തിന് മുമ്പ് തന്നെ ഓട്ടത്തില്‍ പങ്കെടുക്കുന്നവര്‍ ഇവിടെ എത്തിച്ചേരും. മൂന്ന് മുതൽ നാല് ദിവസം വരെ ലേയിൽ തങ്ങി ഉയർന്ന ഉയരത്തില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ശാരീരിക പ്രശ്നങ്ങളെ മറികടക്കണം. പങ്കെടുക്കുന്നവരെ പരിപാടിക്ക് ഒരു ദിവസം മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും, ഓരോ 5 കിലോമീറ്റർ ഇടവേളയിലും മെഡിക്കൽ സംഘവും ചൂടുവെള്ളവും ഓട്ടക്കാര്‍ക്ക് ലഭ്യമായിരിക്കും. അടിയന്തര ആവശ്യങ്ങൾക്കായി മെഡിക്കല്‍ സംഘവും തയ്യാറാണെന്ന് ജില്ലാ വികസന കമ്മീഷണർ അറിയിച്ചു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശീതീകരിച്ച തടാക മാരത്തണിനുള്ള ഗിന്നസ് ലോക റെക്കോർഡ് സ്ഥാപിക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. ‘