കടലാമകളുടെ വംശനാശത്തിന് ചൂട് കാരണമായേക്കാമെന്ന് പഠനങ്ങൾ. ആഗോളതാപനം ഉയരുന്നതോടെ സമുദ്രനിരപ്പ് ഉയരുകയും അത് താഴ്ന്ന പ്രദേശങ്ങളെയെല്ലാം കടലിനടിയിലേക്ക് വലിച്ചെടുക്കുകയും ചെയ്യും. അതിനാൽ ഇപ്പോള്‍ തന്നെ പല ജീവജാലങ്ങളും കടുത്ത ചൂടുമായി പൊരുത്തപ്പെടാന്‍ കഴിയാതെ വംശം നിലനിര്‍ത്താനുള്ള ഓട്ടത്തിലാണ്. ഇത്തരത്തില്‍ കടലാമകളുടെ പുനരുൽപാദനത്തിന് ചൂട് ഭീഷണിയാകുകയാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നത്. റോയൽ സൊസൈറ്റി ഓപ്പൺ സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം കടലാമകളുടെ വംശനാശത്തിന് ഉയര്‍ന്ന ചൂട് കാരണമാകുമെന്ന് പ്രത്യേകം ചൂണ്ടിക്കാട്ടുന്നുണ്ട്.
തീരദേശത്തെ മണലിലാണ് കടലാമകള്‍ മുട്ടയിടുന്നത്. ചൂട് വര്‍ദ്ധിച്ചതോടെ മുട്ടകളിലേക്ക് കൂടുതല്‍ ചൂട് അടിച്ച് തുടങ്ങി. ഇതോടെ കടലാമകളുടെ മുട്ടകള്‍ വിരിഞ്ഞ് കൂടുതല്‍ പെണ്‍കടലാമകളാണ് വിരിഞ്ഞ് വരുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് ആണ്‍കടലാമകളുടെ എണ്ണത്തില്‍ ഭീമമായ കുറവ് വരുത്തും. അങ്ങനെ സംഭവിച്ചാല്‍ വംശവര്‍ദ്ധനവിനെ അത് പ്രതികൂലമായി ബന്ധിക്കുമെന്നും പഠന റിപ്പോര്‍ട്ട് പറയുന്നു.
അതേസമയം കടലാമകളുടെ പ്രജനന കേന്ദ്രങ്ങളില്‍ നടത്തിയ ആദ്യത്തെ ആഗോള പഠനത്തിൽ, 1.5 ഡിഗ്രി സെൽഷ്യസിന്‍റെ ആഗോള താപനില വർദ്ധനവ് ലോകമെമ്പാടുമുള്ള 58 ഓളം കടലാമകളുടെ കൂടുകൂട്ടല്‍ കേന്ദ്രങ്ങളില്‍ ഏതൊക്കെ തരത്തിലാണ് ബാധിക്കുന്നതെന്നാണ് പഠനം വിശകലനം ചെയ്യുന്നത്. കടലാമകൾക്ക് കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള സാധ്യത കുറവാണെന്ന് പഠനപ്രവര്‍ത്തനങ്ങളില്‍ ഭാഗഭക്കായ ഓസ്‌ട്രേലിയയിലെ ഡീക്കിൻ സർവകലാശാലയിലെ ലാലോ പറയുന്നു.
തണൽ നൽകുകയോ മണലിൽ നനയ്ക്കുകയോ പോലെ, കടലാമയുടെ കൂടുകൾ തണുപ്പിക്കാൻ മനുഷ്യർക്ക് ചെയ്യാന്‍ കഴിയുന്ന ചില വഴികളുണ്ട്. എന്നാൽ ഇവ “താത്കാലിക ‘ബാൻഡ്- എയ്ഡ്'” പരിഹാരങ്ങള്‍ മാത്രമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കുന്നതിനുള്ള പരിഹാരങ്ങൾ, ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുക, പുനരുപയോഗിക്കാവുന്ന ഊർജങ്ങളിലേക്ക് ലോകം മാറുക, ഭാവിയിലെ കാലാവസ്ഥാ വ്യതിയാന പ്രത്യാഘാതങ്ങൾ കുറയ്ക്കുന്നതിന് ഭൂവിനിയോഗ രീതികൾ മാറ്റുക എന്നിവ ആവശ്യമാണെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. അതേസമയം ഏഴോളം കടലാമകളെയാണ് പഠന വിധേയമാക്കിയത്.