ദില്ലി: ലിവിങ് ടുഗെതർ പങ്കാളിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ധാബയിലൊളിപ്പിക്കുകയും അന്നുതന്നെ മറ്റൊരു യുവതിയെ വിവാഹം കഴിയ്ക്കുകയും ചെയ്ത 24കാരൻ അറസ്റ്റിൽ. സഹിൽ ഗെലോട്ട് എന്ന യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിക്കി യാദവ് (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. നിക്കിയെ മൊബൈൽ ഫോൺ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം പടിഞ്ഞാറൻ ദില്ലിയിലെ മിത്രോൺ ഗ്രാമത്തിലെ സ്വന്തം ധാബയിലെ ഫ്രിഡ്ജിൽ ഉപേക്ഷിക്കുകയായിരുന്നു. അന്നുതന്നെ മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം കഴിച്ചു.
ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം ദ്വാരകയ്ക്ക് സമീപമുള്ള വാടക വീട്ടിലാണ് സഹിലും നിക്കിയും താമസിച്ചിരുന്നത്. സഹിൽ തന്റെ വിവാഹ ആലോചനകൾ രഹസ്യമാക്കി വെച്ചെങ്കിലും നിക്കി അതിനെക്കുറിച്ച് അറിഞ്ഞതോടെ പ്രശ്നങ്ങളുണ്ടായി. തുടർന്നാണ് കൊലപാതകം. അതേസമയം, നിക്കിയെ കാണാതായിട്ടും വീട്ടുകാരിൽ നിന്ന് പരാതി ലഭിച്ചില്ല. യുവതിയെ അവരുടെ വീട്ടുകാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് പൊലീസ് പറഞ്ഞു.