നാഗ്പൂര്‍: ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയില്‍ ഇന്ത്യയുടം ഓസ്ട്രേലിയയും തമ്മിലുള്ള നാഗ്പൂര്‍ ക്രിക്കറ്റ് ടെസ്റ്റ് തുടങ്ങും മുമ്പെ വിവാദത്തിന്‍റെ പിച്ചിലായിരുന്നു. സ്പിന്നിനെ അമിതമായി തുണക്കുന്ന പിച്ചൊരുക്കി ഇന്ത്യ ഓസ്ട്രേലിയയെ വീഴ്ത്താന്‍ ശ്രമിക്കുന്നു എന്നായിരുന്നു മത്സരത്തിന് മുമ്പുള്ള ആരോപണം. എന്നാല്‍ ആദ്യ ദിനം മൂന്നോവറുകള്‍ക്കുള്ളില്‍ ഓസ്ട്രേലിയക്ക് രണ്ട് ഓപ്പണര്‍മാരെയും നഷ്ടമായി,. രണ്ട് വിക്കറ്റും വീഴ്ത്തിയത് ഇന്ത്യന്‍ പേസര്‍മാരായിരുന്നു.
ഇതോടെ ഉസ്മാന്‍ ഖവാജയെ ഡിആര്‍എസില്‍ എല്‍ബിഡബ്ല്യു വിധിച്ച തീരുമാനത്തിനെതിരെ ആയി ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ രോഷം. ബോള്‍ ട്രാക്കര്‍ പൊട്ടിത്തകര്‍ന്നുവെന്നും ഡിആര്‍എസ് തീരുമാനം കണ്ട് ഓസ്ട്രേലിയ അത്ഭുതപ്പെട്ടുവെന്നും ഖവാജയുടെ ഔട്ടിനെക്കുറിച്ച് ഫോക്സ് ക്രിക്കറ്റ് ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ ഓസ്ട്രേലിയ 177 റണ്‍സിന് ഓള്‍ ഔട്ടായി. രവീന്ദ്ര ജഡേജ അഞ്ച് വിക്കറ്റുമായി തിളങ്ങി. പിന്നലെ ജഡേജ പന്തില്‍ കൃത്രിമം കാട്ടുന്നതിന്‍റെ ദൃശ്യങ്ങളെന്ന രീതിയില്‍ പ്രചരിച്ച ചിത്രങ്ങള്‍ ഓസ്ട്രേലിയന്‍ മുന്‍ നായകന്‍ ടിം പെയ്ന്‍ തന്നെ പങ്കുവെച്ചു.
നാഗ്പൂര്‍ പിച്ചിനെയും ഇന്ത്യന്‍ കളിക്കാരെയും ലക്ഷ്യംവെക്കുന്ന ഓസീസ് മാധ്യമങ്ങളുടെ തന്ത്രം ആദ്യ ടെസ്റ്റില്‍ ഇന്ത്യ ആധിപത്യം നേടിയത് അവര്‍ക്ക് ഒട്ടും ദഹിക്കാത്തതിനാലാണെന്ന് തുറന്നു പറയുകയാണ് മുന്‍ ഇന്ത്യന്‍ സഹ പരിശീലകനായ സഞ്ജയ് ബംഗാര്‍. നോക്കു ഞാന്‍ ട്വിറ്ററില്‍ ഇല്ല. പക്ഷെ ചില ഓസീസ് മാധ്യമങ്ങള്‍ ഖവാജയുടെ ഡിആര്‍എസിനെ കളിയാക്കി ട്വീറ്റിട്ടതായി അറിഞ്ഞു. എന്തിനാണ് അവരിങ്ങനെ കരയുന്നത്. നാഗ്പൂര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം ഇന്ത്യ ആധിപത്യം നേടിയത് ദഹിക്കാനാവാത്തതു കൊണ്ടാണോ എന്നും ബംഗാര്‍ ചോദിച്ചു. നാഗ്പൂര്‍ ടെസ്റ്റില്‍ ആദ്യ ദിനം 177 റണ്‍സിന് പുറത്തായ ഓസീസിനെതിരെ ആദ്യ ദിനം ഒറു വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 77 റണ്‍സടിച്ചിരുന്നു.