ന്യൂ സൗത്ത് വെയിൽസിൽ നഴ്സുമാരും, മിഡ്വൈഫുമാരും, അധ്യാപകരും ഉൾപ്പെടെയുള്ളവർക്ക് വിലയുടെ രണ്ടു ശതമാനം മാത്രം നൽകി ആദ്യ വീടു വാങ്ങാൻ കഴിയുന്ന പുതിയ പദ്ധതിക്ക് തുടക്കമായി. വിലയുടെ 40 ശതമാനം വരെ പലിശരഹിത സർക്കാർ ഓഹരിയായി നൽകും.ഷെയേർഡ് ഇക്വിറ്റി ഹോം ബയർ ഹെൽപ്പർ എന്ന പേരിലെ പുതിയ പദ്ധതിക്കാണ് ജനുവരി 23ന് തുടക്കമായത്.നഴ്സുമാർ, മിഡ്വൈഫുമാർ, പാരാമെഡിക് ജീവനക്കാർ, അധ്യാപകർ, പൊലീസുകാർ, ഏർലി ചൈൽഡ്ഹുഡ് ജീവനക്കാർ എന്നിവർക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.ഒറ്റയ്ക്ക് കുട്ടികളെ നോക്കുന്ന രക്ഷിതാവിനും (സിംഗിൾ പേരന്റ്), ഒറ്റയ്ക്ക് ജീവിക്കുന്ന 50 വയസിനു മേൽ പ്രായമുള്ളവർക്കും പദ്ധതിയുടെ ഭാഗമാകാം.വിലയുടെ രണ്ടു ശതമാനം മാത്രം ആദ്യ നിക്ഷേപമായി നൽകി ആദ്യ വീട് വാങ്ങാൻ അവസരം നൽകുന്നതാണ് പദ്ധതി.മാത്രമല്ല, വിലയുടെ 40 ശതമാനം വരെ സർക്കാർ ഓഹരിയായി നൽകുകയും ചെയ്യും.അതായത്, 40 ശതമാനം വരെയുള്ള തുകയ്ക്ക് വീട്ടുടമ ലോണെടുക്കേണ്ടിയും പലിശ നൽകേണ്ടിയും വരില്ല.പകരം, മാസത്തവണകൾ നൽകി സർക്കാരിൽ നിന്ന് ഈ ഓഹരികൾ കൂടി വാങ്ങിക്കാൻ കഴിയും.
സിഡ്നി, ന്യൂ കാസിൽ, ലേക് മക്വാറി, ഇല്ലവാര, സെൻട്രൽ കോസ്റ്റ്, നോർത്ത് കോസ്റ്റ് എന്നിവിടങ്ങളില് 9,50,000 ഡോളർ വരെ വിലയുള്ള വീടുകളും, മറ്റ് ഉൾനാടൻ മേഖലകളിൽ ആറു ലക്ഷം ഡോളർ വരെ വിലയുള്ള വീടുകളുമാണ് പദ്ധതിയുടെ പരിധിയിൽ വരിക.പുതിയ വീടിന് 40 ശതമാനം വരെയും, പഴയ വീടാണെങ്കിൽ 30 ശതമാനം വരെയും സർക്കാർ ഓഹരി നല്കും.മാത്രമല്ല, അപേക്ഷകരുടെ വരുമാനവും കണക്കിലെടുക്കും.ഒറ്റയ്ക്ക് ജീവിക്കുന്നവരാണെങ്കിൽ 90,000 ഡോളറിലും, ദമ്പതികളാണെങ്കിൽ 1,20,000 ഡോളറിലും താഴെ വാർഷിക വരുമാനമുള്ളവർക്ക് മാത്രമാണ് പദ്ധതിയുടെ ഭാഗമാകാൻ കഴിയുക.ഓസ്ട്രേലിയൻ പൗനന്മാർക്കും പെർമനന്റ് റെസിഡന്റസിനും ആനുകൂല്യം ലഭിക്കും.അതേസമയം, ഓസ്ട്രേലിയയിലോ, വിദേശത്തോ സ്വന്തം പേരിൽ വീടോ വസ്തുവോ ഉണ്ടെങ്കിൽ ഈ പദ്ധതിയുടെ ഭാഗമാകാൻ കഴിയില്ലെന്നും ന്യൂ സൗത്ത് വെയിൽസ് സർക്കാർ അറിയിച്ചു.
അതേസമയം, പദ്ധതിക്കായി നിശ്ചയിച്ചിരിക്കുന്ന വരുമാനപരിധി കാരണം ഭൂരിഭാഗം പേർക്കും ഇത് ലഭിക്കില്ലെന്ന് ഹെൽത്ത് സർവീസസ് യൂണിയൻ ആരോപിച്ചു.ദമ്പതികൾക്ക് 1,20,000 ഡോളർ വാർഷിക വരുമാനം എന്നത് വലിയ തുകയല്ലെന്നും, ഭൂരിഭാഗം പേരും ആ പരിധിക്ക് പുറത്താകുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.മാത്രമല്ല, ഒറ്റയ്ക്ക് ജീവിക്കുന്ന ഒരു രജിസ്ട്രേഡ് നഴ്സാണെങ്കിൽ പോലും ഏഴു വർഷത്തെ സർവീസുണ്ടെങ്കിൽ90,000 ഡോളർ വാർഷിക വരുമാനം നേടാൻ കഴിയുമെന്നും യൂണിയൻ ചൂണ്ടിക്കാട്ടി.