തിരുവനന്തപുരം : പ്രവാസി ബോർഡ് പെൻഷൻ തട്ടിപ്പിലെ പ്രതിയായ ഏജന്റ് ശോഭ, സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് തുടങ്ങിയതായി കണ്ടെത്തി.രണ്ടു വർഷമെങ്കിലും പ്രവാസിയായിരുന്നവർക്കാണ് അപേക്ഷിക്കാനാവുക എന്നിരിക്കെ,6 മാസത്തെ വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയ രേഖ വെച്ചാണ് ശോഭ പെൻഷൻ അക്കൗണ്ട് തുടങ്ങിയത്.99 പെൻഷൻ അക്കൗണ്ടുകളിലാണ് ഇതുവരെ ക്രമക്കേട് കണ്ടെത്തിയത്.
മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ തിരുത്തൽ വരുത്തി മറ്റു പലരെയും തിരുകിക്കയറ്റി, മുടങ്ങിക്കിടന്ന അക്കൗണ്ടുകളിൽ പലിശയടക്കം കുടിശികയടച്ചെന്ന് കള്ളരേഖയുണ്ടാക്കിയും പെൻഷൻ നൽകി, പ്രവാസികളല്ലാത്തവർക്ക് പോലും പെൻഷൻ അക്കൗണ്ടുകള്‍ നൽകി. വൻ വ്യാപ്തിയുള്ള ക്രമക്കേട് ഓരോന്നായി പുറത്തുവരുമ്പോഴാണ് പ്രതിയായ ഏജന്റ് ശോഭ സ്വന്തം പേരിലും പെൻഷൻ അക്കൗണ്ട് ഉണ്ടാക്കിയെന്ന കണ്ടെത്തൽ.
രണ്ടു വർഷം പ്രവാസ ജീവിതം നയിച്ചവർക്കാണ് പ്രവാസി ബോർഡ് പെൻഷനിൽ ചേരാൻ അർഹതയുളളത്. ആറുമാസം വിസിറ്റിങ് വിസയിൽ വിദേശത്തേക്ക് പോയ രേഖ വെച്ച് ശോഭയും പെൻഷൻ സ്കീമിൽ അംഗമായി. അക്കൗണ്ടുകളുടെ സൂക്ഷ്മ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഈ രേഖ വെച്ച് ആരാണ് അനുമതി പാസാക്കിയതെന്ന ചോദ്യത്തിന് ബോർഡ് ഇതുവരെ മറുപടി പോലും നൽകിയിട്ടുമില്ല. ശോഭയ്ക്ക് പുറമെ, മുൻ കരാർ ജീവനക്കാരി ലിനയാണ് കേസിൽ പിടിയിലായിരിക്കുന്നത്. തട്ടിപ്പ് പുറത്തായതോടെ ലിന 18 ലക്ഷം രൂപ ബോർഡിൽ തിരിച്ചടച്ചു. ഇത്രയധികം പണം എങ്ങനെ ഒരു കരാർ ജീവനക്കാരിയുടെ കൈവശമെത്തിയെന്നതിനും ഉത്തരമില്ല.
തുടക്കത്തിൽ 24 അക്കൗണ്ടുകളിൽ കണ്ടെത്തിയ ക്രമക്കേട് കന്റോൺമെന്റ് പൊലീസിന്റെ അന്വേഷണത്തിൽ 99 ആയി വർധിച്ചിരുന്നു. 24 അക്കൗണ്ടുകളിൽ അടച്ചതായി സോഫ്റ്റുവയറിൽ രേഖപ്പെടുത്തിയ പണം സർക്കാർ ഖജനാവിലേക്ക് വന്നിട്ടില്ല. മറ്റ് അക്കൗണ്ടുകളിലേക്കും അടച്ചതായി കാണിച്ചിരിക്കുന്ന പണം തട്ടിയെടുത്തിട്ടുണ്ടോയെന്നറിയാൻ സൈബർ വിദഗ്ധരുടെ ഉള്‍പ്പെടെ വിശദമായ പരിശോധന വേണം. തട്ടിപ്പിൻെറ വ്യാപ്തി വർധിക്കുമ്പോഴും വിശദമായ അന്വേഷണത്തിന് കന്റോൺമെന്‍റ് പൊലിസിന് കഴിയുന്നില്ല. കസ്റ്റഡില്‍ വാങ്ങിയ പ്രതികളെ ചോദ്യം ചെയ്യാൻപോലും സമര തിരിക്കിൽ ഓടുന്ന കൻോമെൻ് പൊലിസിന് കഴിഞ്ഞിട്ടില്ല. പ്രവാസികളുടെ പേരിലുള്ള പണം തട്ടിപ്പ് പുറത്തുവരണമെങ്കിൽ പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണം.