പത്തനംതിട്ട: പുനഃസംഘടന നടപടികൾ തുടങ്ങിയതിന് പിന്നാലെ പത്തനംതിട്ട കോൺഗ്രസിൽ വിവാദം. മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയതിനെതിരെ ജില്ലാ നേതൃത്വം കെപിസിസിക്ക് പരാതി നൽകി. പുനഃസംഘടന തർക്കത്തിൽ തുടരുന്നതിനിടെയാണ് മുൻ ഡിസിസി പ്രസിഡന്റ് ബാബു ജോർജ് പാർട്ടി ഓഫീസിന്റെ കതകിൽ ചവിട്ടിയ വിവാദം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നതോടെ കെപിസിസി പ്രസിഡന്റ് ജില്ലാ നേതൃത്വത്തിൽ നിന്ന് വിശദീകരണം തേടി. ജില്ലാ കോൺഗ്രസ് അധ്യക്ഷൻ വിശദീകരണത്തിനൊപ്പം ബാബു ജോർജിനെതിരെ പരാതിയും നൽകി. പാർട്ടി ഓഫീസിലെ സിസിടിവി ദൃശ്യങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിന് പിന്നിൽ ജില്ലയിൽ നിന്നുള്ള കെപിസിസി ജനറൽ സെക്രട്ടറിക്ക് പങ്കുണ്ടെന്നാണ് ബാബു ജോർജിന്റെ ആരോപണം.
പുനഃസംഘടനയെച്ചൊല്ലി കോൺഗ്രസിൽ ഭിന്നത രൂക്ഷമാണ്. മൂന്ന് തവണ ജില്ലാ പുനഃസംഘടന കമ്മിറ്റി യോഗം ചേർന്നിട്ടും ഭാരവാഹികളുടെ കാര്യത്തിൽ തീരുമാനം എടുക്കാൻ കഴിഞ്ഞിട്ടില്ല. പുനസംഘടനയിൽ തുടങ്ങിയ ചർച്ചകൾ ഒടുവിൽ സംഘട്ടനത്തിലേക്ക് എത്തുന്നതാണ് പത്തനംതിട്ടയിലെ കോൺഗ്രസിലെ കാഴ്ച. ഭാരവാഹി പട്ടികയിൽ ധാരണ ഉണ്ടാകാത്തതിനെ തുടർന്ന് മുൻ ജില്ലാ പ്രസിഡന്റ്മാരായ കെ ശിവദാസൻ നായർ, പി മോഹൻരാജ്, ബാബു ജോർജ് എന്നിവർ പുനസംഘടന കമ്മിറ്റിയിൽ നിന്ന് ഇറങ്ങിപോയത് മുതലാണ് നേതാക്കൾക്കിടയിലെ അസ്വാരസ്യങ്ങൾ പുറത്ത് വന്നത്. ജില്ലയിൽ സ്വാധീനമുള്ള എ ഗ്രൂപ്പിലെ പ്രധാന നേതാക്കളാണ് മൂന്ന് പേരും. എന്നാൽ എ ഗ്രൂപ്പുകാരനായ ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പലടക്കമുള്ള മറ്റൊരു വിഭാഗം ഈ നേതാക്കളുടെ നിലപാടിന് എതിരാണ്. ഇതിനിടയിൽ കെ സി വേണുഗോപാൽ പക്ഷക്കാരനായ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു പുനഃസംഘടനയിലൂടെ ജില്ലയിൽ കാലുറപ്പിക്കാൻ ശ്രമിക്കുന്നതും തർക്കങ്ങളുടെ ആക്കം കൂട്ടുന്നു. ഡിസിസി ഭാരവാഹികളുടേയും ബ്ലോക്ക് പ്രസിഡന്റ്മാരുടെയും നീണ്ട പട്ടികയാണ് ഓരോ നേതാക്കളുടേയും നിർദേശങ്ങളിലുള്ളത്.