ഓസ്‌ട്രേലിയയിൽ 16 വയസ് പ്രായമുള്ളവർക്കും വോട്ടവകാശം നൽകണമെന്നുള്ള ആവശ്യം പാർലമെന്റിൽ അവതരിപ്പിച്ചു.ഓസ്‌ട്രേലിയയിൽ 16 ഉം 17 ഉം വയസ് പ്രായമുള്ളവർക്കും ഫെഡറൽ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താൻ കഴിയണമെന്നാണ് ഗ്രീൻസ് പാർട്ടിയുടെ വാദം.പല വിദേശ രാജ്യങ്ങളിലും 16 വയസിന് മുകളിലുള്ളവർക്ക് വോട്ടവകാശം നൽകിയിട്ടുണ്ട്.ഓസ്‌ട്രേലിയയിൽ നിലവിൽ 18 വയസ് പ്രായമുള്ളവർക്കാണ് വോട്ടവകാശമുള്ളത്.വോട്ട് ചെയ്യാത്തവരിൽ നിന്ന് പിഴ ഇടാക്കുന്ന നടപടി 18 വയസിന് താഴെ പ്രായമുള്ളവർക്ക് ബാധകമാക്കരുത് എന്നാണ് ഗ്രീൻസ് എം പി സ്റ്റീഫൻ ബെയിറ്റ്സിന്റെ നിർദ്ദേശം.പാർലമെന്റിൽ സ്വകാര്യ അംഗം മുന്നോട്ട് വച്ചിരിക്കുന്ന ആശയമായതിനാൽ ബില്ലിന് പ്രതീകാത്മകമായ പ്രാധാന്യമാണുള്ളത്.
കാലാവസ്ഥാ പ്രതിസന്ധി, അമിതമായ വീട് വില, അസമത്വം തുടങ്ങിയ പ്രശ്നങ്ങൾ ഏറ്റവും അധികം അനുഭവിക്കാൻ പോകുന്നത് ഇപ്പോഴത്തെ യുവ തലമുറയാണെന്ന് ബെയിറ്റ്സ് ചൂണ്ടിക്കാട്ടി.ഇക്കാരണത്താൽ പ്രധാനപ്പെട്ട തീരുമാനങ്ങളിൽ ഇവർക്കും നിലപാട് വ്യക്തമാക്കാൻ കഴിയണമെന്നാണ് അദ്ദേഹം വാദിക്കുന്നത്.ഈ ആശയം ചർച്ച ചെയ്യാൻ തയ്യാറാണെന്ന് ലേബർ പാർട്ടി മുൻപ് വ്യക്തമാക്കിയിരുന്നു.ബില്ല് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ എസ് ബി എസ് ലേബർ പാർട്ടിയുടെ പ്രതികരണം തേടിയിരുന്നങ്കിലും ലഭിച്ചിട്ടില്ല.ലിബറൽ പാർട്ടി മുൻഗണന നൽകുന്ന വിഷയമല്ല ഇതെന്ന് എംപി ജെയ്ൻ ഹ്യൂം പറഞ്ഞു.
16 വയസ്സുള്ള കുട്ടികൾക്ക് വോട്ടുചെയ്യാനുള്ള പക്വതയും പ്രചോദനവും ഇല്ലെന്നാണ് വിമർശകരുടെ വാദം.വോട്ടർ പട്ടിക കൂടുതൽ വിപുലമാക്കാൻ പ്രയോഗികമായുള്ള ബുദ്ധിമുട്ടുകൾ നേരിടുമെന്ന് കാന്ബറയിലെ ഇലക്ട്‌റൽ കമീഷൻ ചൂണ്ടിക്കാട്ടി.ഇതിന് പുറമെ 16 വയസ്സുള്ളവർ പട്ടികയിൽ പേര് ചേർക്കാതിരുന്നാൽ ക്രിമിനൽ കുറ്റമാകാൻ ഇത് വഴി തെളിച്ചേക്കാമെന്ന് കൂട്ടിച്ചേർത്തു.അതെ സമയം യുവാക്കളുമായി രാഷ്ട്രീയ നേതാക്കൾക്ക് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇത് അവസരമൊരുക്കുമെന്നാണ് ANU കോളേജ് ഓഫ് ലോയിലെ അസോസിയേറ്റ് പ്രൊഫസറും യൂത്ത് ജസ്റ്റിസ് നെറ്റ്‌വർക്കിന്റെ ഡയറക്ടറുമായ ഐത്ത് ഗോർഡന്റെ നിലപാട്.യുവാക്കളുമായി അടുത്ത് പ്രവർത്തിക്കുന്നവർ ഇത്തരമൊരു മാറ്റത്തെ സ്വാഗതം ചെയ്യാനാണ് സാധ്യത കൂടുതലെന്ന് അദ്ദേഹം പറഞ്ഞു.
പതിമൂന്ന് രാജ്യങ്ങളിൽ 16 വയസ്സിന് മുകളിൽ പ്രായമുള്ള ചില കുട്ടികൾക്കെങ്കിലും വോട്ടവകാശം നൽകിയിട്ടുണ്ട്. പല തരത്തിലുള്ള മോഡലുകളാണ് ഈ രാജ്യങ്ങൾ ഉപയോഗിക്കുന്നത്.ന്യൂ സീലാന്റിലും വോട്ടിംഗ് പ്രായം 16 ലേക്ക് കുറയ്ക്കാൻ ശ്രമങ്ങൾ സജീവമാണ്.