ഭോപ്പാൽ: മധ്യപ്രദേശിലെ ഷാഹ്‌ദോൾ ജില്ലയിൽ മന്ത്രവാദത്തിനിരയായി വീണ്ടും ശിശുമരണം. അസുഖം ഭേദമാകാൻ ഇരുമ്പ് ദണ്ഡ് പഴുപ്പിച്ച് പൊള്ളലേൽപിച്ചതിനെ തുടർന്നാണ് മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത്. അസുഖം ഭേദപ്പെടാനെന്ന് പറഞ്ഞ് 20 തവണയാണ് കുഞ്ഞിനെ പൊള്ളലേൽപിച്ചത്. കഴിഞ്ഞ ദിവസം സമാനമായ സംഭവം ഇവിടെ നടന്നിരുന്നു. രണ്ടര മാസം പ്രായമുള്ള കുഞ്ഞാണ് മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരതക്കിരയായത്. 51 തവണ ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുഞ്ഞിന്റെ വയറിൽ കുത്തിയതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചത്. ഇപ്പോൾ അതേ ജില്ലയിൽ നിന്ന് തന്നെയാണ് രണ്ടാമത്തെ സംഭവവും പുറത്തു വന്നിരിക്കുന്നത്.
ബുധനാഴ്ചയാണ് കുഞ്ഞിനെ സർക്കാർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. പിന്നീട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രി വൈകിട്ടോടെ കുഞ്ഞ് മരിച്ചതായി ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ആർ.കെ പാണ്ഡെ പറഞ്ഞു. സമാനമായ സാഹചര്യത്തിൽ മരിച്ച രണ്ടര മാസം പ്രായമുള്ള പെൺകുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച പുറത്തെടുത്തു.
ബുധനാഴ്‌ച ഷദോൾ മെഡിക്കൽ കോളജിൽ വച്ചാണ് കുട്ടി മരിച്ചതെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഈ രണ്ട് സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ സ്ഥലത്തെ ആശാവർക്കറെയും സൂപ്പർവൈസറെയും പിരിച്ചുവിട്ടതായി അധികൃതർ അറിയിച്ചു. പാരമ്പര്യ ചികിത്സകയായ സ്ത്രീയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സിൻപൂർ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് എംപി അഹിർവാർ പറഞ്ഞു.
അതേസമയം, അസുഖം ഭേദമാക്കാൻ ചൂടുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് കുട്ടികളെ പൊള്ളിക്കുന്ന പാരമ്പര്യ ദുരാചാരത്തിനെതിരെ അവബോധം സൃഷ്ടിക്കുമെന്ന് ജില്ലാ കളക്ടർ വന്ദന വൈദ്യ പറഞ്ഞു. വെള്ളിയാഴ്ച മൃതദേഹം പുറത്തെടുത്ത കുട്ടിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഏഴ് ദിവസത്തിനകം ലഭിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. മധ്യപ്രദേശിലെ ഗോത്ര വിഭാഗങ്ങൾക്കിടയിൽ വ്യാപകമായി നടത്തുന്ന മന്ത്രവാദ ചികിത്സാ രീതിയാണ് പിഞ്ചുകുഞ്ഞുങ്ങളിൽ പ്രയോഗിച്ചത്. ഇരുമ്പ് ദണ്ഡ് കൊണ്ടുള്ള പൊള്ളിച്ചാൽ ന്യുമോണിയ മാറുമെന്നാണ് ഇവരുടെ വിശ്വാസം.