ഇസ്ലാമാബാദ്: പെഷവാറിലെ പള്ളിയിൽ ചാവേർ സ്ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ട സംഭവത്തിൽ പാകിസ്ഥാൻ സർക്കാരിനെതിരെ പ്രതിഷേധവുമായി പൊലീസുകാർ. കൊല്ലപ്പെട്ടവരിൽ 27 പേർ പൊലീസുകാരായിരുന്നു. ചാവേർ പള്ളിക്കുള്ളിൽ കടന്നത് പൊലീസ് വേഷത്തിലാണെന്നത് കടുത്ത വിമർശനത്തിനിടയാക്കിയിരുന്നു. ഇവിടെയുണ്ടായത് കനത്ത സുരക്ഷാ വീഴ്ചയാണെന്നും വിലയിരുത്തലുകൾ ഉണ്ടായിരുന്നു.
തീവ്രവാദത്തിനെതിരായ പോരാട്ടങ്ങളുടെ പേരിൽ തങ്ങളെ ഭീകരജീവികൾക്ക് മുന്നിലേക്ക് എറിഞ്ഞുകൊടുക്കുകയാണ് സർക്കാർ ചെയ്യുന്നതെന്നാണ് പൊലീസുകാരുടെ ആരോപണം. ഞങ്ങൾ ഇപ്പോഴും ഞെട്ടലിലാണ്. ഓരോ ദിവസവും ഞങ്ങളുടെ സഹപ്രവർത്തകർ കൊല്ലപ്പെടുന്നു. ഇനിയുമെത്ര കാലം ഇത് സഹിക്കണം. സംരക്ഷിക്കേണ്ടവർക്കു സംരക്ഷണം ലഭിക്കുന്നില്ലെങ്കിൽ പിന്നെയാരാണ് ഇവിടെ സുരക്ഷിതരായിട്ടുള്ളത്. ഒരു പൊലീസുദ്യോഗസ്ഥൻ പറഞ്ഞതായി എഎഫ്പി റിപ്പോർട്ട് ചെയ്തു. പൊലീസുകാരോടുള്ള തീവ്രവാദികളുടെ പ്രതികാരമാണ് പെഷവാർ സ്ഫോടമെന്നാണ് പൊലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞത്. അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ തീവ്രവാദ പ്രവർത്തനങ്ങൾ അടിച്ചമർത്താൻ പൊലീസ് നടത്തുന്ന ശ്രമങ്ങളാണ് ഇതിനു കാരണമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പോരാട്ടത്തിന്റെ മുൻനിരയിലുള്ളത് ഞങ്ങളാണ്. സ്കൂളുകളും ഓഫീസുകളും പൊതു ഇടങ്ങളും ഞങ്ങൾ സംരക്ഷിക്കുന്നു. എന്നാലിപ്പോൾ ഞങ്ങൾ ഉപേക്ഷിക്കപ്പെട്ട അവസ്ഥയാണ്. ഒരു പൊലീസുകാരൻ അഭിപ്രായപ്പെട്ടു.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാകിസ്ഥാൻ ഭീകരാക്രമണത്തെയും നേരിടേണ്ടി വന്നിരിക്കുന്നത്. ശക്തമായ നേതൃത്വത്തിന്റെ അഭാവമാണ് രാജ്യം ഇത്തരമൊരു സ്ഥിതി നേരിടേണ്ടി വന്നതിന് കാരണമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. പെഷവാറിൽ പള്ളിയിലെ പ്രാർത്ഥനാ ഹാളിന്റെ മതിൽ പൊട്ടിത്തെറിച്ചാണ് സ്‌ഫോടനം ഉണ്ടായത്. മസ്ജിദിനുള്ളിൽ ഉണ്ടായിരുന്നവർ കൊല്ലപ്പെട്ടത് സുരക്ഷാ വീഴ്ചയാണ്. അക്രമി പൊലീസ് വേഷത്തിലായതിനാൽ ഉദ്യോഗസ്ഥർക്ക് പരിശോധിക്കാൻ കഴിഞ്ഞില്ലെന്നത് പൊലീസിന്റെ വീഴ്ചയായി കണക്കാക്കുന്നെന്നും പൊലീസ് മേധാവി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും കണ്ടെടുത്ത ശരീരം ഛേദിക്കപ്പെട്ട തല സ്‌ഫോടനം നടത്തിയയാളുടേതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാൾ മാസ്‌കും ഹെൽമറ്റും ധരിച്ചിരുന്നു. സിസിടിവി ചിത്രങ്ങൾ പരിശോധിച്ചതിൽ നിന്ന് അക്രമി ആരാണെന്ന് വ്യക്തമായിട്ടുണ്ട്. “ചാവേർ ഒരു മോട്ടോർ സൈക്കിളിൽ പ്രധാന ഗേറ്റ് കടന്ന് അകത്തു വന്ന് ഒരു കോൺസ്റ്റബിളുമായി സംസാരിച്ചു. പള്ളി എവിടെയാണെന്ന് ചോദിച്ചു. ഇതിനർത്ഥം ആ പ്രദേശത്തെക്കുറിച്ച് അക്രമിക്ക് അറിവുണ്ടായിരുന്നില്ല എന്നാണ്. അയാൾക്ക് പിന്നിൽ ഒരു വലിയ നെറ്റ് വർക്ക് ഉണ്ടെന്ന് വ്യക്തമാണ്”. പൊലീസ് മേധാവി അൻസാരി പറഞ്ഞതായി ദി ഡോൺ റിപ്പോർട്ട് ചെയ്തിരുന്നു.