പാലക്കാട്: വിവാഹ വാഗ്ദാനം നൽകിയ യുവതിയെ പീഡിപ്പിച്ച ശേഷം, സ്വർണം കവർന്ന കേസിലെ പ്രതിക്ക് ഏഴുവർഷം തടവ്. പാലക്കാട് മേനോൻപാറ സ്വദേശി സുനിൽ കുമാറിനെയാണ് മണ്ണാർക്കാട് കോടതി ശിക്ഷിച്ചത്. 2016ലാണ് കേസിന് ആസ്പദമായ സംഭവം. വിവാഹ വാഗ്ദാനം നൽകി പ്രതി സുനിൽ കുമാർ യുവതിയുമായി അടുപ്പത്തിലായി. പിന്നാലെ പഴനയിൽ കൊണ്ടുപോയി മഞ്ഞച്ചരട് കെട്ടി കല്യാണം കഴിഞ്ഞെന്ന് വിശ്വസിപ്പിച്ചു. പഴനയിൽ തന്നെ ലോഡ്ജിൽ മുറിയെടുത്ത് പെൺകുട്ടിയെ പീഡിപ്പിച്ചു.
യുവതി കുളിക്കുമ്പോൾ, ശുചിമുറിയിൽ പൂട്ടിയിട്ട് സ്വർണം തട്ടിയെടുത്ത് പ്രതി മുങ്ങുകയായിരുന്നു. ഏഴുവർഷം തടവാണ് പ്രതിക്ക് വിധിച്ചത്. രണ്ടുലക്ഷം രൂപ പിഴ നൽകണം. തുക അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു. അന്നത്തെ പാലക്കാട് എ എസ്പി ജി പൂങ്കുഴലിയാണ് കേസ് അന്വേഷിച്ചത്.