അഹമ്മദാബാദ്: ലഖ്നൗ പിച്ച് വിവാദത്തിൽ ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യയെ തള്ളി വൈസ് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ഏത് പിച്ചിലും കളിക്കാൻ താരങ്ങൾ തയ്യാറാവണമെന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. ലഖ്നൗ ടി20യിൽ റൺസെടുടക്കാൻ ബാറ്റർമാർ പാടുപെട്ടപ്പോൾ പഴികേട്ടത് ക്യൂറേറ്റർ സുരേന്ദർ കുമാറായിരുന്നു. ക്യാപ്റ്റൻ ഹാർദിക് പണ്ഡ്യ പിച്ചിനെതിരെ പരസ്യമായി വിമർശനം നടത്തിയപ്പോൾ പിന്നാലെ സുരേന്ദറിനെ ബിസിസിഐ പുറത്താക്കി.
ആദ്യമത്സരം നടന്ന റാഞ്ചിയിലെ വിക്കറ്റിനെതിരെയും വിമർശനം ഉണ്ടായിരുന്നു. പിച്ചിന്റെ കാര്യത്തിൽ ക്യാപ്റ്റൻ ഹാർദിക്കിന്റെ നിലപാടല്ല വൈസ് ക്യാപ്റ്റന്‍ സൂര്യകുമാറിന്റേത്. ഏത് സാഹചര്യത്തിലും കളിക്കാൻ താരങ്ങൾ സജ്ജരാവണമെന്ന് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ അഹമ്മദാബാദില്‍ നടക്കുന്ന മൂന്നാം ടി20ക്ക് തലേന്ന് സൂര്യകുമാര്‍ പറഞ്ഞു.
ഏത് പിച്ചില്‍ കളിക്കുന്നു എന്നതല്ല കാര്യം, എങ്ങനെ കളിക്കുന്നു എന്നതാണ്. കാരണം, എങ്ങനത്തെ പിച്ച് ആണ് കളിക്കാന്‍ കിട്ടുക എന്നത് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. അതുകൊണ്ട് തന്നെ ലഭിക്കുന്ന പിച്ചുകളുമായി പൊരുത്തപ്പെടാനാണ് ശ്രമിക്കേണ്ടത്. ലഖ്നൗവില്‍ നടന്ന കഴിഞ്ഞ മത്സരം വളരെ ആവേശകരമായിരുന്നു. ഏത് ഫോര്‍മാറ്റിലും ഏത് സാഹചര്യത്തിലും കടുത്ത മത്സരം കാഴ്ചവെക്കാന്‍ ഇരു ടീമുകള്‍ക്കുമായോ എന്നത് മാത്രമാണ് പ്രധാനം. അതിനാല്‍ പിച്ചിനെ കാര്യമാക്കേണ്ട. നിങ്ങളെ വെല്ലുവിളിക്കുന്ന പിച്ചാണെങ്കില്‍ അത് സ്വീകരിച്ച് അതിനെ നേരിടാനാണ് ശ്രമിക്കേണ്ടതെന്നും സൂര്യകുമാര്‍ പറഞ്ഞു.ലഖ്നൗ പിച്ചിനെക്കുറിച്ച് ഹാര്‍ദ്ദിക് പാണ്ഡ്യ വ്യത്യസ്ത അഭിപ്രായമാണല്ലോ പറഞ്ഞതെന്ന ചോദ്യത്തിന് ചിരിയായിരുന്നു സൂര്യകുമാറിന്റെ മറുപടി. അതില്‍ പ്രശ്നമൊന്നുമില്ല, മത്സരശേഷം ഞങ്ങള്‍ സംസാരിച്ചിരുന്നു. ഭാവിയില്‍ ഏത് പിച്ച് ലഭിച്ചാലും അതില്‍ കളിക്കുക എന്നതാണ് ഞങ്ങളുടെ പൊതു നിലപാട്-സൂര്യകുമാര്‍ മത്സരത്തലേന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഈമാസം ഒൻപതിന് ഓസ്ട്രേലിയെക്കെതിരെ നാഗ്പൂരിൽ തുടങ്ങുന്ന പരമ്പരയിൽ ടെസ്റ്റ് അരങ്ങേറ്റം നടത്താമെന്ന പ്രതീക്ഷയിലാണ് സൂര്യകുമാർ. 2021 മാർച്ച് പതിനാലിന് ഇംഗ്ലണ്ടിനെതിരെ സൂര്യകുമാറിന്റെ ടി20 അരങ്ങേറ്റവും നാഗ്പൂരിലായിരുന്നു. ഐസിസി ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരനാണ് സൂര്യകുമാർ യാദവ്. ഇതോടെ അഹമ്മദാബാദിൽ പരന്പര വിജയികളെ നിശ്ചയിക്കുന്ന കളിയിലും പിച്ചാണ് ശ്രദ്ധാകേന്ദ്രം.