മുംബൈ: 200 അടി താഴ്ചയിലേക്ക് മറിഞ്ഞ കാറിലുണ്ടായിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് മുംബൈയിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള മാംഗോവിലാണ് കാർ അപകടത്തിൽപ്പെട്ടത്. അന്ധേരി സ്വദേശികളായ കുടുംബത്തിലെ അഞ്ച് പേരും അത്ഭുതകരമായി രക്ഷപ്പെട്ടു. ആർക്കും ഗുരുതരമായ പരിക്കുകളില്ല.
വിഹുലെ ഗ്രാമത്തിലാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന നിനാദ് റൗളിന് നിയന്ത്രണം നഷ്ടപ്പെട്ടതോടെയാണ് അപകടമുണ്ടായത്. വാഹനം ആദ്യം മരത്തിലിടിച്ച് മറിഞ്ഞ് കൊക്കയിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റൗളിന്റെ ഭാര്യയും മകനും മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. ശ്രീവർദ്ധനിലേക്കുള്ള യാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം.കാർ ഹൈവേയിൽ നിന്ന് നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിയുന്നത് കണ്ട ഗ്രാമീണനാണ് വിവരമറിയിച്ചതെന്ന് മംഗാവ് പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ രാജേന്ദ്ര പാട്ടീൽ പറഞ്ഞു. നാട്ടുകാരാണ് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. അരമണിക്കൂറിനുള്ളിൽ എല്ലാവരെയും കാറിന് പുറത്തെത്തിച്ചു. ഞായറാഴ്ചയാണ് കാർ പുറത്തെടുത്തത്. കാർ യാത്രക്കാരായ അഞ്ച് പേരുടെയും മൊഴി രേഖപ്പെടുത്തുമെന്ന് പൊലീസ് പറഞ്ഞു.