മുംബൈ : മുംബൈയിലെ കേരളാ ഹൗസിന് ജപ്തി ഭീഷണി. കേരള ഹൌസ് കണ്ടു കെട്ടുന്നതിന് മുന്നോടിയായി താനെയിലെ സിവിൽ കോടതി നോട്ടീസ് നൽകി.ഓഗസ്റ്റ് 24 ന് ആദ്യ നോട്ടീസ് കിട്ടിയിട്ടും സർക്കാർ കോടതിയിൽ ഹാജരായില്ല.കേരള ഹൌസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷനെതിരായ കേസിലാണ് കോടതി നടപടി.
ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കൈരളി എന്ന ഔട്ട്ലറ്റ് , വാടക കുടിശിക വരുത്തിയതുമായി ബന്ധപ്പെട്ട കേസിലാണ് കോടതി ഇടപെടൽ.6 കോടി 47 ലക്ഷം അടച്ചില്ലെങ്കിൽ ഉടൻ ജപ്തി ചെയ്യുമെന്നാണ് കോടതി ഉത്തരവ്. 17 വർഷം പഴക്കമുള്ള കേസിൽ സർക്കാർ അലംഭാവം കാട്ടിയതാണ് ജപ്തിയിലേക്ക് നയിച്ചത്
ഹാൻഡി ക്രാഫ്റ്റ് ഡെവലപ്മെന്റ് കോർപ്പറേഷന്റെ കൈരളി നിലവിൽ കേരള ഹൗസിലാണ് വാടകയ്ക്ക് പ്രവർത്തിക്കുന്നത്.2006 വരെ ഒരു സ്വകാര്യ ഗ്രൂപ്പിന്റെ കെട്ടിടത്തിലാണ് കൈരളി പ്രവർത്തിച്ചത്. ഇവർക്ക് വാടക കുടിശിക നൽകാത്തതുമായി ബന്ധപ്പെട്ട കേസിലാണ് ഇപ്പോഴത്തെ കോടതി നടപടി. 2006 ൽ പഴയ കെട്ടിടത്തിൽ നിന്ന് കോടതി ഇടപെടലിനെ തുടർന്ന് ഇറങ്ങേണ്ടി വന്നു.2009 മുതൽ കേരളാ ഹൗസിലേക്ക് കൈരളിയുടെ പ്രവർത്തനം മാറ്റി.കൈരളി കേരളാ ഹൗസിൽ വാടകയ്ക്കാണെങ്കിലും ഇപ്പോൾ നോട്ടീസ് ലഭിച്ചത് കേരളാ ഹൗസിനാകെയാണ്.