തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാജബില്ലുകള്‍ സമര്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തു.കൊല്ലത്തെ ഇല്ലാത്ത ആയൂര്‍വേദ ക്ലിനിക്കിന്റെ പേരിലുള്ള ബില്ല് ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റീഇംപേഴ്സ് തുക വന്‍ തോതില്‍ തട്ടിയെടുത്തത്. അഞ്ച് ജില്ലകളിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് ആവശ്യം പോലെ താന്‍ ബില്ലുകള്‍ വര്‍ഷങ്ങളായി നല്‍കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഈയിടെയാണ് ഇന്റേര്‍ണല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്.രണ്ട് വര്‍ഷത്തെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് ബില്ലുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ വെട്ടിപ്പ് കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റീ ഇംപേഴ്സ്മെന്റ് പരിശോധിച്ചപ്പോള്‍ കിലോ കണക്കിന് ച്യവനപ്രാശവും ലിറ്റര്‍ കണക്കിന് കഷായവും. ഇന്റേര്‍ണല്‍ ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. പരിശോധിച്ചപ്പോള്‍ 95 ശതമാനം ഉദ്യോഗസ്ഥരും കൊടുത്തത് മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്റേത്.ജിഎസ്ടി പോലുമില്ലാത്ത ബില്ലില്‍ ഒരേ പോലുള്ള കഷായവും ച്യവനപ്രാശവും കണ്ടതോടെ വ്യാജമാണെന്ന് ഉറപ്പിച്ചു.ഒരു പരിശോധനയും ചികില്‍സയും ഇല്ലാതെ ലക്ഷങ്ങളുടെ ബില്ലാണ് ഇതുപോലെ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഇയാള്‍ എഴുതിക്കൊടുത്തത്.