ഗോവ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും കേരളാ ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഫത്തോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് എഫ്‌സി ഗോവ കേരളാ ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഗോവ കേരളത്തെ തകര്‍ത്തത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നിലായ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോളടിച്ച് തിരിച്ചുവരവിന്റെ പ്രതീക്ഷ നല്‍കിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
ഗോവയുടെ സ്പാനിഷ് സ്‌ട്രൈക്കര്‍ ഐകര്‍ ഗുരക്‌സേനയാണ് കേരളത്തിന്റെ വല കുലുക്കിയത്. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിനെ ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റിയിലൂടെ മത്സരത്തിന്റെ 35-ാം മിനുട്ടിലായിരുന്നു കേരളം ആദ്യ ഗോള്‍ വഴങ്ങിയത്. 43-ാം മിനുട്ടില്‍ നോവ എഫ്‌സിയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി.
ആദ്യപകുതിക്ക് ശേഷം 50-ാം മിനുട്ടില്‍ ഗോവന്‍ വല കുലുങ്ങി. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയുടെ ഫ്രീകിക്കില്‍ നിന്നും മികച്ചൊരു ഹെഡ്ഡറിലൂടെ സ്‌ട്രൈക്കര്‍ ദിമിട്രിയോസ് ഡയമന്റകോസ് ആണ് ബ്ലാസ്‌റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ നേടിയത്. തിരിച്ചുവരവിന്റെ സൂചന നല്‍കിയെങ്കിലും ആരാധകരെ നിരാശരാക്കി 68-ാം മിനുട്ടില്‍ ഗോവ മൂന്നാമത്തെ ഗോള്‍ നേടി ആധികാരികജയം ഉറപ്പിച്ചു. ബ്രാണ്ടന്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ നിന്നും റിഡീം ത്‌ലാങ് ആണ് ഗോള്‍ നേടിയത്.
പിന്നാലെ തുടരെ ആക്രമണങ്ങള്‍ക്ക് ശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യം കാണാനായില്ല. ജയത്തോടെ 15 കളിയില്‍ 23 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി. 14 കളിയില്‍ 25 പോയിന്റുമായി മൂന്നാം സ്ഥാനത്ത് തുടരുകയാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സ്. ഈ മാസം 29ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം.
STORY HIGHLIGHTS: FC Goa won against Kerala Blasters in ISL