ഭോപ്പാല്‍: മികച്ച റോഡുകള്‍ അപകടം വര്‍ധിപ്പിക്കുമെന്ന വിചിത്ര വാദവുമായി മധ്യപ്രദേശിലെ ബിജെപി എംഎല്‍എ നാരായണ്‍ പട്ടേല്‍. മികച്ച റോഡുകള്‍ അമിത വേഗത്തിനും തുടര്‍ന്ന് വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടുന്നതിനും കാരണമാകുമെന്നാണ് നാരായണ്‍ പട്ടേലിന്റെ വാദം. തന്റെ മണ്ഡലത്തില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുകയാണെന്നും നാരായണ്‍ പട്ടേല്‍ പറഞ്ഞു. മധ്യപ്രദേശില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചു വരുന്ന പശ്ചാത്തലത്തിലാണ് പ്രതികരണം.
ചിലര്‍ മദ്യപിച്ച് വാഹനം ഓടിക്കുന്നതും അപകടം വര്‍ധിപ്പിക്കുന്നുണ്ടെന്ന് എംഎല്‍എ അഭിപ്രായപ്പെട്ടു. ‘എന്റെ നിയോജക മണ്ഡലത്തില്‍ റോഡപകടങ്ങള്‍ വര്‍ധിച്ചുവരികയാണ്. റോഡുകള്‍ മികച്ചതായതിനാല്‍ വാഹനങ്ങള്‍ അതിവേഗത്തില്‍ വരികയും ഇത് നിയന്ത്രണം നഷ്ടപ്പെടുന്നതിലേക്കും നയിക്കുന്നു. എനിക്കും ഇത്തരം അനുഭവങ്ങളുണ്ട്. എല്ലാവരും അല്ല, ചില ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ട്. ഇതും അപകടങ്ങളിലേക്ക് നയിക്കുന്നു.’ എന്നായിരുന്നു നാരായണ്‍ പട്ടേലിന്റെ പ്രതികരണം.
മോശം റോഡുകള്‍ അപകടം കുറക്കുമെന്ന് വിശ്വസിക്കുന്നുണ്ടോയെന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തോടാണ് നാരായണ്‍ പട്ടേലിന്റെ മറുപടി. അതേസമയം അമേരിക്കയിലേതിനേക്കാള്‍ മികച്ചതാണ് സംസ്ഥാനത്തെ റോഡുകള്‍ എന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്‌സിംഗ് ചൗഹാന്റെ അവകാശവാദം നേരത്തെ ചര്‍ച്ചയായിരുന്നു.
Story Highlights: BJP MLA Blames Good Roads For Rise In Accidents