ഹൈദരാബാദ്: കേന്ദ്ര മന്ത്രി ഇടപെട്ട് ക്ഷേത്രത്തിനുളളിൽ നൃത്തപരിപാടി അവതരിപ്പിക്കാനുളള അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് പുറത്ത് നൃത്തം ചെയ്യാനൊരുങ്ങി പ്രമുഖ നർത്തകിയും കേരള കലാമണ്ഡലം ചാൻസലറുമായ മല്ലിക സാരാഭായ്. തെലങ്കാനയിലെ രാമപ്പ ക്ഷേത്രമാണ് മല്ലിക സാരാഭായിക്ക് നൃത്തം ചെയ്യുന്നതിന് അനുമതി നിഷേധിച്ചത്.
കേന്ദ്ര ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രി ജി കിഷന്‍ റെഡ്ഡി ‘വാക്കാല്‍’ അനുമതി നൽകില്ലെന്ന് അറിയിച്ചതിനെ തുടർന്നാണ് അനുമതി നിഷേധിച്ചതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. താനും സംഘവും ക്ഷേത്രത്തിന് പുറത്ത് നൃത്തം അവതരിപ്പിക്കാൻ തയ്യാറെടുക്കുകയാണെന്നും മല്ലിക സാരാഭായ് ദ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
യുനെസ്കോയുടെ അംഗീകാരം ലഭിച്ച് ഒരുകൊല്ലം തികയുന്നതിന്റെ ഭാഗമായി ആദ്യത്തെ രാമപ്പ ഫെസ്റ്റ് നടത്താന്‍ ക്ഷേത്രപ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം നിര്‍വഹിക്കുന്ന കാകാതിയ ഹെറിറ്റേജ് ട്രസ്റ്റ് നേരത്തെ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരുന്നു. എന്നാൽ എഎസ്‌ഐയുടെ മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് മല്ലിക സാരാഭായ് ആണെങ്കില്‍ പടിപാടി അവതരിപ്പിക്കാന്‍ അനുമതി നല്‍കില്ലെന്ന് മന്ത്രി കിഷന്‍ റെഡ്ഡി അറിയിക്കുകയായിരുന്നുവെന്ന് ക്ഷേത്ര ട്രസ്റ്റിയായ ബി വി പാപ റാവു വ്യക്തമാക്കി. നൃത്ത പരിപാടി റദ്ദാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്ത് നടത്തുന്ന നൃത്ത പരിപാടിക്ക് ക്ഷേത്ര ട്രസ്റ്റിന്റെ പങ്കില്ലെന്നും ബി വി പാപ റാവു കൂട്ടിച്ചേർത്തു.
STORY HIGHLIGHTS: G Kishan Reddy says Mallika Sarabhai is not allowed to dance in ramappa temple