വിദേശ രാജ്യങ്ങളിലേക്ക് ജീവിതം പറിച്ചു നടുക എന്നതാണ് പല ഇന്ത്യൻ യുവതി യുവാക്കളുടെയും ഇപ്പോഴത്തെ ജീവിതാഭിലാഷം. എന്നാൽ, അകലെ നിന്ന് കാണുമ്പോൾ തോന്നുന്നത്ര കളർഫുൾ ആണോ പല വിദേശ രാജ്യങ്ങളിലെയും ഇന്ത്യക്കാരുടെ ജീവിതമെന്നത് ഇപ്പോൾ ഉയർന്നുവരുന്ന ചോദ്യമാണ്. ഇക്കര നിൽക്കുമ്പോൾ അക്കരപ്പച്ച എന്നത് പോലെയുള്ള വെറുമൊരു മിഥ്യ മാത്രമാണ് വിദേശ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ ജീവിതമെന്നാണ് ദില്ലി സ്വദേശിയും ഇപ്പോൾ കാനഡയിൽ താമസമാക്കിയിരിക്കുകയും ചെയ്യുന്ന ഒരു യുവാവ് സമൂഹ മാധ്യമത്തില്‍ കുറിച്ചത്.
കാനഡയിലേക്ക് കുടിയേറാനുള്ള തീരുമാനത്തിൽ ഇപ്പോൾ ഖേദം പ്രകടിപ്പിക്കുന്നതായാണ് അദ്ദേഹം തന്‍റെ സമൂഹ മാധ്യമ അക്കൌണ്ടിലെഴുതി. പുറമേ നിന്ന് നോക്കുമ്പോൾ കാണുന്ന ആഡംബരങ്ങളും സുഖജീവിതവും എല്ലാം വെറും തട്ടിപ്പും മായയുമാണെന്നാണ് ഇദ്ദേഹത്തിന്‍റെ റെഡ്ഡിറ്റ് പോസ്റ്റ്. മറ്റ് രാജ്യങ്ങളിൽ നിന്നും കാനഡയിലേക്ക് എത്തുന്ന വിദ്യാർത്ഥികളിൽ ഭൂരിഭാഗവും ദുരിത ജീവിതമാണ് നയിക്കുന്നതെന്നും ഉപയോഗ ശൂന്യമായ ബിരുദങ്ങളും മോശം തൊഴിൽ സാഹചര്യങ്ങളും പോലുള്ള പ്രശ്നങ്ങൾ അവർ നേരിടേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇപ്പോഴും ഏതു വിധേനയും വിദേശ രാജ്യത്ത് എത്തണമെന്ന് ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾ നമ്മുടെ രാജ്യത്തുണ്ടെന്നും എന്നാൽ, ഇവിടെ എത്തിയാൽ മാത്രമേ തട്ടിപ്പിന്‍റെ ഭീകരാവസ്ഥാ മനസ്സിലാവുകയുള്ളൂവെന്നും വിദേശരാജ്യങ്ങളിലെ സർക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും കുടിയേറ്റക്കാരായി എത്തുന്ന വിദ്യാർത്ഥികളെ ചൂഷണം ചെയ്ത് വലിയ ബിസിനസാണ് നടത്തുന്നതെന്നും അദ്ദേഹം സമൂഹ മാധ്യമ കുറിപ്പില്‍ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്‍റെ സാമ്പത്തിക വളർച്ചയും മെച്ചപ്പെട്ട അവസരങ്ങളും ചൂണ്ടിക്കാട്ടി ഇന്ത്യയിൽ തുടരാൻ അദ്ദേഹം സഹ ഇന്ത്യക്കാരോട് അഭ്യർത്ഥിച്ചു. ഇന്ത്യ വളരുകയാണന്നും അവസരങ്ങൾ മെച്ചപ്പെടുന്നതിനാൽ മാനസികാരോഗ്യം, കുടുംബം, അന്തസ്സ് എന്നിവ നഷ്ടപ്പെടുത്താതെ നിങ്ങൾക്ക് ഒരു മികച്ച ജീവിതം കെട്ടിപ്പടുക്കാൻ കഴിയുമെന്നും പറഞ്ഞുകൊണ്ടാണ് യുവാവ് തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.