തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടകൊലപാതകത്തിൽ പ്രതി അഫാനെതിരെ ആദ്യമായി മൊഴി നൽകി ഉമ്മ ഷെമീന. അഫാൻ ആക്രമിച്ചതാണെന്ന് ഷെമീന കിളിമാനൂർ എസ്എച്ച്ഒക്ക് മൊഴി നൽകി. ഭർത്താവ് അറിയാതെ 35 ലക്ഷത്തിന്റെ കടമുണ്ടെന്നാണ് ഷെമീനയുടെ മൊഴി. സംഭവദിവസം 50,000രൂപ തിരികെ നൽകണമായിരുന്നു. പണം ചോദിച്ച് തട്ടത്തുമലയിലെ ബന്ധുവീട്ടിൽ പോയപ്പോൾ അധിക്ഷേപം നേരിട്ടു. ഇത് മകന് സഹിച്ചില്ലെന്നാണ് ഷെമീന മൊഴി നൽകിയത്.
തിരികെ വീട്ടിലെത്തിയപ്പോൾ അഫാൻ ആദ്യം കഴുത്ത് ഞെരിച്ച് ചുമരിൽ തലയടിച്ചു. ഇതോടെ ബോധം നഷ്ടമായി. പിന്നെ ബോധം വന്നപ്പോൾ അഫാൻ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു. മക്കളുമൊത്ത് ആത്മഹത്യചെയ്യാൻ തീരുമാനിച്ചിരുന്നതായും ഇതിനായി യുട്യൂബിൽ ഇളയമകനെ
കൊണ്ട് പലതും ഗൂഗിളിൽ സെർച്ച് ചെയ്യിപ്പിച്ചിരുന്നുവെന്നും ഷെമീനയുടെ മൊഴിയിലുണ്ട്. അതേസമയം, പ്രതി അഫാനെ ജയിലിലേക്ക് മാറ്റി. കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണ് അഫാനെ ജയിലിലേക്ക് മാറ്റിയത്. അച്ഛന്‍റെ സഹോദരനെയും ഭാര്യയും കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ കസ്റ്റഡില്‍ വാങ്ങിയ പ്രതിയെ പൊലീസ് വിവിധയിടങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കടം വാങ്ങിയ പണം തിരികെ കിട്ടാൻ നിരന്തരം അധിക്ഷേപിച്ചത് കൊണ്ടാണ് പിതൃസഹോദരനായ ലത്തീഫിനെയും ഭാര്യയെയും ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് അഫാൻ്റെ മൊഴി.
തെളിവെടുപ്പിനിടെ യാതൊരു കൂസലുമില്ലാതെയാണ് അഫാൻ താന്‍ ചെയ്ത ക്രൂരതകൾ പൊലീസിനോട് വിവരിച്ചത്. 80,000 രൂപ ലത്തീഫിൽ നിന്നും കടം വാങ്ങിയിരുന്നു. പണം തിരികെ ചോദിച്ച് ബുദ്ധിമുട്ടിച്ചു. അച്ഛൻ്റെ അമ്മയുടെ സ്വർണം വാങ്ങുന്നതിനും തടസ്സം നിന്നത് ലത്തീഫായിരുന്നു. ഇതാണ് ലത്തീഫിനെ വകവരുത്താൻ കാരണം. അമ്മയെ കഴുത്ത് ഞെരിച്ച് നിലത്തിട്ട ശേഷം ആദ്യം അച്ഛൻ്റെ അമ്മയെ കൊന്നു. അതിനുശേഷമാണ് ലത്തീഫിൻ്റെ വീട്ടിലെത്തുന്നത്. അഫാനെ കണ്ട് സാജിത അടുക്കളയിലേക്ക് പോയി. ബാഗിലിരുന്ന ചുറ്റികയെടുത്ത് ഹാളിലെ സെറ്റിയിലിരുന്ന ലതീഫീൻ്റെ തലയിൽ പലവട്ടം അടിച്ചു. ശബ്ദം കേട്ട് ഓടിവന്ന സാജിതയെയും അടിച്ചു. അടുക്കളയിലേക്ക് ഓടിയ സാജിതയെ പിന്നിൽ ചെന്ന് ആക്രമിച്ചുകൊന്നു. ലത്തീഫിൻ്റെ മൊബൈലും കാറിൻ്റെ താക്കോലും 50 മീറ്റർ അപ്പുറം കാട്ടിലേക്കറിഞ്ഞ ശേഷം വീട്ടിലേക്ക് പോയി. ഈ മൊബൈൽ ഫോണ്‍ അഫാൻ്റെ സാനിധ്യത്തിൽ പൊലീസ് ഇന്നലെ കണ്ടെത്തി.
ആക്രമണം തടസ്സപ്പെടുത്തുന്നവരുടെ കണ്ണിലേക്കെറിയാൻ മുളക്പൊടിയും അഫാൻ വാങ്ങിവെച്ചിരുന്നു. വീട്ടിലെത്തിച്ചുള്ള പരിശോധനയിലാണ് മുളകുപൊടി പൊതിഞ്ഞത് കണ്ടെത്തിയത്. ആയുധം സൂക്ഷിച്ചിരുന്ന ബാഗിലാണ് മുളക്പൊടിയുമുണ്ടായിരുന്നത്. കൊലപാതകം തടസ്സപ്പെടുത്താൻ ആരെങ്കിലും ശ്രമിക്കുകയാണെങ്കിൽ കണ്ണിലേക്കറിനായിരുന്നു മുളക്പൊടിയെന്ന് അഫാൻ പൊലീസിന് മൊഴി നൽകി.