സിഡ്നി: ഭ്രൂണഹത്യക്കെതിരെ ക്രിസ്റ്റ്യൻ ലൈഫ്‌സ് മാറ്റർ എന്ന സംഘടന സിഡ്‌നിയിൽ സംഘടിപ്പിക്കുന്ന മാർച്ച് ബുധനാഴ്ച വൈകിട്ട് അഞ്ച് മണിക്ക് പാർലമെന്റിന് പുറത്ത് നടക്കും. സിഡ്‌നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷർ ഒ.പി സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതിഷേധത്തിന് പിന്തുണ അറിയിച്ചതായി ക്രിസ്റ്റ്യൻ ലൈഫ്‌സ് മാറ്റർ അറിയിച്ചു. ഗ്രീൻസ് പാർട്ടിയുടെ നേതൃത്വത്തിൽ ഗർഭഛിദ്ര നിയമ പരിഷ്‌കരണ ബില്ല് പാസാക്കാനുള്ള നടപടികൾ നടന്നുകൊണ്ടിരിക്കെയാണ് ക്രിസ്റ്റ്യൻ ലൈഫ്‌സ് മാറ്റർ പ്രതിഷേധവുമായി രംഗത്ത് എത്തുന്നത്.
എല്ലാ ഡോക്ടർമാരെയും ഗർഭഛിദ്രങ്ങളിൽ പങ്കെടുക്കാൻ നിർബന്ധിക്കുകയും അവ നടത്താൻ വിസമ്മതിക്കുന്ന ക്രിസ്‌ത്യൻ ആശുപത്രികൾ അടച്ചുപൂട്ടുകയും ചെയ്യുക എന്നതാണ് ഈ ബിൽ ലക്ഷ്യമിടുന്നത്. നമ്മുടെ മനസാക്ഷി സ്വാതന്ത്ര്യത്തിനും മതസ്വാതന്ത്ര്യത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിത്. നമ്മുടെ മൂല്യങ്ങളെയും മെഡിക്കൽ പ്രൊഫഷണലുകളെയും സംരക്ഷിക്കാൻ നാം ഒന്നിക്കണമന്ന് ക്രിസ്റ്റ്യൻ ലൈഫ്‌സ് മാറ്റേഴ്‌സ് സംഘാടകർ അറിയിച്ചു.
ഗർഭഛിദ്ര വ്യവസ്ഥകളെക്കുറിച്ച് ആശുപത്രികൾക്ക് നിർദേശങ്ങൾ നൽകാൻ ആരോഗ്യമന്ത്രിയെ അനുവദിക്കുകയും ആശുപത്രി അത് പാലിക്കുകയും വേണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നുണ്ട്. സംസ്ഥാനമെമ്പാടും ആർ യു 486 വിതരണം ചെയ്യുന്നതിലൂടെ അപകടകരമായ രാസ ഗർഭഛിദ്രങ്ങൾ നടത്താൻ അവരോട് ആവശ്യപ്പെടുന്നതിലൂടെ ഇത് നഴ്‌സുമാരെയും മിഡ്വൈഫുകളെയും ഗർഭഛിദ്ര വിദഗ്‌ധരാക്കി മാറ്റുന്നു. ഗർഭഛിദ്രത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ഡോക്‌ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഗർഭഛിദ്രം ആവശ്യപ്പെടുന്ന സ്ത്രീകളെ മറ്റൊരാൾക്ക് റഫർ ചെയ്യണമെന്നും ബില്ല് ആവശ്യപ്പെടുന്നു.