സിഡ്നി : ഹോളി ആഘോഷം ഗംഭീരമാക്കി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്. സിഡ്നിയിലെ കെംപ്സ് ക്രീക്കിലെ ബോച്ചെസെൻ വാസി അക്ഷർധാം പുരുഷോത്തം സ്വാമി നാരായൺ സൻസ്തയുടെ (ബിഎപിഎസ്) സ്വാമിനാരായൺ ഹിന്ദു മന്ദിർ–സാംസ്ക്കാരിക കേന്ദ്രത്തിൽ ബിഎപിഎസ് ആത്മീയ ആചാര്യൻ മഹന്ത് സ്വാമി മഹാരാജിന്റെ സാന്നിധ്യത്തിലായിരുന്നു വർണാഭമായ ഹോളി ആഘോഷം.
ഹോളി ആഘോഷത്തിനെത്തിയ പ്രധാനമന്ത്രിക്കൊപ്പം ഓസ്ട്രേലിയൻ കാലാവസ്ഥാ വ്യതിയാന–ഊർജ മന്ത്രി ക്രിസ് ബൊവൻ, വിദ്യാഭ്യാസ മന്ത്രി ജാസൺ ക്ലാരെ, കമ്മ്യൂണിക്കേഷൻ മന്ത്രി മൈക്കലെ റോളൻഡ്, പാർലമെന്റ് അംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു.
92 കാരനായ മഹന്ത് സ്വാമി മഹാരാജിൽ നിന്ന് അനുഗ്രഹം നേടാൻ ആയിരക്കണക്കിനാളുകളാണ് ഇവിടെ എത്തിയത്. അദ്ദേഹത്തിന്റെ സാന്നിധ്യം ഹോളി ആഘോഷത്തിന് ആഴത്തിലുള്ള മതപരമായ പരിവേഷവും നൽകി.
‘‘ഐക്യമാണ് കരുത്ത്. ഹൃദയങ്ങൾ ചേർന്നാൽ അസാധ്യമായതൊന്നുമില്ലെന്നു’’മാണ് മഹന്ത് സ്വാമി മഹാരാജ് പഠിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘‘ആരാധനയ്ക്ക് മാത്രമായുള്ള ക്ഷേത്രമല്ല ഇതെന്നും സമാധാനത്തിന്റെയും ശാന്തിയുടെയും ഇടമാണെന്നും വിശ്വാസമോ പശ്ചാത്തലമോ എന്തു തന്നെയായാലും ഇവിടെയെത്തുന്ന ഓരോരുത്തർക്കും സ്വന്തം ഭവനത്തിൽ സമാധാനമായി ഇരിക്കുന്ന പ്രതീതിയാണ് ലഭിക്കുകയെന്നും’’ ഹിന്ദു മന്ദിറിലെത്തിയ പ്രധാനമന്ത്രി ആന്തണി ആൽബനീസ് അഭിപ്രായപ്പെട്ടു. തിന്മയുടെ മേൽ നന്മയുടെ വിജയം ഓർമിപ്പിക്കുന്ന നിറങ്ങളുടെ ഉത്സവമായ ഹോളി പ്രചോദനത്തിനുള്ള പ്രതീക്ഷയാണ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഉടൻ തന്നെ നിർമാണം പൂർത്തിയാകുന്ന വെസ്റ്റേൺ സിഡ്നി രാജ്യാന്തര വിമാനത്താവളത്തിനു സമീപമാണ് പുതുതായി തുറന്ന സാംസ്ക്കാരിക കേന്ദ്രമായ ഹിന്ദു മന്ദിർ. ആഘോഷങ്ങൾക്ക് ഏറ്റവും ഉചിതമായ സ്ഥലമാണിത്. മഹത്തായ പുരോഗതിയിലുള്ള പ്രവർത്തിയെന്നാണ് ഈ ഇടത്തെ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്.
ഈ മാസം 15ന് ആയിരുന്നു നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷത്തിന്റെ ഭാഗമായുള്ള ഫുൽഡോൾ ഫെസ്റ്റിവൽ ശ്രീ സ്വാമിനാരായൺ ഹിന്ദു മന്ദിറിൽ അരങ്ങേറിയത്. സംഗീതവും നൃത്തവും പരമ്പരാഗത കലാരൂപങ്ങളും നിറങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന പ്രദർശനങ്ങളും നിറഞ്ഞതായിരുന്നു ആഘോഷപരിപാടികൾ. സിഡ്നിയിൽ നിന്നും ഓസ്ട്രേലിയയുടെ മറ്റു ഭാഗങ്ങളിൽ നിന്നുമെത്തിയവർ കൂടാതെ യുഎസ്, യുകെ. ന്യൂസീലൻഡ്, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള സന്ദർശകരും ഹോളി ആഘോഷപരിപാടിക്കെത്തി.
ഹോളി ആഘോഷത്തിനെത്തിയ ഭൂരിഭാഗം പേർക്കും നിറങ്ങളുടെ ആഘോഷത്തിനപ്പുറം ആത്മീയതയുടെ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലാനുമുള്ള അവസരം കൂടിയായിരുന്നു ഇത്.