വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ പ്രതിഷേധങ്ങൾ ഉയരുന്നതിനിടെ മനുഷ്യത്വ വിരുദ്ധമായ നാടുകടത്തൽ രീതികൾ തുടർന്ന് അമേരിക്ക. കോടതി ഉത്തരവ് മറികടന്ന് വെനസ്വേലന്‍ തടവുകാരെ എല്‍ സാവദോറിലേക്ക് ട്രംപ് ഭരണകൂടം നാടുകടത്തി. കുറ്റവാളികൾ എന്ന് ആരോപിച്ച് 200ലേറെ അധികം വെനസ്വേലക്കാരെയാണ് അമേരിക്ക എൽ സാൽവഡോറിലെ ജയിലിലേക്ക് കയറ്റി അയച്ചത്. യുഎസ് കോടതിയുടെ വിലക്ക് തള്ളിയാണ് ട്രംപ് സർക്കാരിന്റെ നടപടി. തല മൊട്ടയടിച്ച് കയ്യിലും കാലിലും ചങ്ങലയിട്ട് ഇവരെ കൊണ്ടുപോകുന്ന ദൃശ്യങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടു.
കുപ്രസിദ്ധ അന്താരാഷ്ട്ര മാഫിയ സംഘമായ ‘ട്രെന്‍ ദെ അരാഗ്വ’ സംഘത്തില്‍ പെട്ടവരെന്ന് ആരോപിക്കപ്പെടുന്ന 238 പേരെയാണ് അമേരിക്ക നാടുകടത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എല്‍ സാവദോറിലെ കുപ്രസിദ്ധ ജയിലായ ടെററിസം കണ്‍ഫൈന്‍മെന്റ് സെന്ററിലേക്കാണ് ഇവരെ മാറ്റിയത്. എല്‍ സാവദോര്‍ പ്രസിഡന്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അമേരിക്കയോ എല്‍ സാവദോറോ നാടുകടത്തപ്പെട്ടവരുടെ കുറ്റകൃത്യ പശ്ചാത്തലങ്ങളേപ്പറ്റി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
ഫോറിന്‍ എനിമീസ് ആക്ട് ഉപയോഗിച്ചാണ് വെനസ്വേലന്‍ തടവുകാരെ അമേരിക്ക നാടുകടത്തിയത്. അമേരിക്ക യുദ്ധത്തിലേര്‍പ്പെടുന്ന സമയത്ത് മാത്രം ഉപയോഗിച്ചിരുന്ന ആക്ടാണിത്. തടവുകാരെ നാടുകടത്തുന്നതിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ കോടതിയെ സമീപിച്ചിരുന്നു. ഫെഡറല്‍ കോടതി നാടുകടത്തലിനെതിരെ ഉത്തരവിറക്കിയെങ്കിലും അതിനുമുമ്പുതന്നെ ഇവരേയും വഹിച്ചുകൊണ്ടുള്ള വിമാനം അമേരിക്കയില്‍ നിന്ന് പറന്നുയര്‍ന്നിരുന്നു.