സിഡ്നി : ഗ്രീൻസ് പാർട്ടിയുടെ നേതൃത്വത്തിൽ ന്യൂ സൗത്ത് വെയിൽസ് പാർലമെൻറിൽ ഗർഭഛിദ്ര നിയമ പരിഷ്കരണ ബില്ലിനെക്കുറിച്ചുള്ള ചർച്ചകൾ ആരംഭിക്കാനിരിക്കെ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങി ക്രിസ്ത്യൻ സംഘടനകൾ. ക്രിസ്ത്യൻ ലൈഫ്‌സ് മാറ്റേഴ്‌സിൻ്റെ നേതൃത്വത്തിൽ 19-ാം തീയതി ബുധനാഴ്‌ച വൈകിട്ട് അഞ്ച് മണിക്ക് പാർലമെൻ്റിന് പുറത്ത് മാർച്ച് സംഘടിപ്പിക്കും.
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി വിഷയത്തിൽ ക്രൈസ്‌തവർക്കനുകൂലമായ ഇടപെടലുണ്ടാക്കാനുള്ള ശ്രമത്തിലാണ് നേതൃത്വം. സഭാ നേതാക്കളെയും ബിഷപ്പുമാരെയും പുരോഹിതന്മാരെയും രാഷ്ട്രീയക്കാരെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെയും ടാഗ് ചെയ്തത് നിലപാടിൽ പങ്കാളികളാകണമെന്ന് സംഘാടകർ അറിയിച്ചു.
ക്രൈസ്തവരുടെ മൂല്യങ്ങൾക്കും വിശ്വാസങ്ങൾക്കും അതീതമായി ആശുപത്രികളെയും ഡോക്ടർമാരെയും അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി ഗർഭഛിദ്രം ചെയ്യാൻ നിർബന്ധിക്കുന്നതാണ് പുതിയ ബില്ല്. ഓസ്ട്രേലിയയിലെ മതസ്വാതന്ത്ര്യത്തിന് അപകടകരമായ ഒരു മാതൃക ഇത് സൃഷ്ടിക്കും. ഗർഭഛിദ്ര വ്യവസ്ഥകളെക്കുറിച്ച് ആശുപത്രികൾക്ക് നിർദേശങ്ങൾ നൽകാൻ ആരോഗ്യമന്ത്രിയെ അനുവദിക്കുകയും ആശുപത്രി അത് പാലിക്കുകയും വേണമെന്നും ബില്ലിൽ നിഷ്കർഷിക്കുന്നു.
സംസ്ഥാനമെമ്പാടും ആർ .യു 486 വിതരണം ചെയ്യുന്നതിലൂടെ അപകടകരമായ രാസ ഗർഭഛിദ്രങ്ങൾ നടത്താൻ അവരോട് ആവശ്യപ്പെടുന്നതിലൂടെ ഇത് നഴ്‌സുമാരെയും മിഡ്‌വൈഫുകളേയും ഗർഭഛിദ്ര വിദഗ്ധരാക്കി മാറ്റുന്നു. ഗർഭഛിദ്രത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്ത ഡോക്‌ടർമാരും മറ്റ് ആരോഗ്യ പ്രവർത്തകരും ഗർഭഛിദ്രം ആവശ്യപ്പെടുന്ന സ്ത്രീകളെ മറ്റൊരാൾക്ക് റഫർ ചെയ്യണമെന്നും ബില്ല് ആവശ്യപ്പെടുന്നു.