ചെലവ് ചുരുക്കല്‍ പരിപാടിയുടെ ഭാഗമായി ലോകമെമ്പാടുമുള്ള 500 തൊഴിലവസരങ്ങള്‍ വെട്ടിക്കുറയ്ക്കുമെന്ന് ആഗോള സ്പോര്‍ട്സ് വെയര്‍ ബ്രാന്‍റായ പ്യൂമ . യുഎസിലും ചൈനയിലും ഡിമാന്‍ഡ് ദുര്‍ബലമായ സാഹചര്യത്തിലാണ് പ്യൂമയുടെ തീരുമാനം. കൂടാതെ കഴിഞ്ഞ മൂന്ന് മാസത്തിലെ വില്‍പന കുറഞ്ഞതും വാര്‍ഷികാടിസ്ഥാനത്തിലുളള ലാഭത്തിലെ ഇടിവുമാണ് ചെലവ് ചുരുക്കല്‍ നടപടികളിലേക്ക് കടക്കാന്‍ ജര്‍മന്‍ കമ്പനിയായ പ്യൂമയുടെ തീരുമാനത്തിന് പിന്നില്‍. എതിരാളികളായ അഡിഡാസ്, നൈക്കി എന്നിവയുടെ മികച്ച പ്രകടനവും പ്യൂമയ്ക്ക് തിരിച്ചടിയായി. പ്യൂമ ആസ്ഥാനത്ത് 500 പേരില്‍ 150 പേരുടെ ജോലി നഷ്ടമാകുമെന്ന് സിഇഒ ആര്‍നെ ഫ്രോയിഡ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ലോകമെമ്പാടുമായി ഏകദേശം 21,000 പേര്‍ ജോലി ചെയ്യുന്ന കമ്പനി, ലാഭകരമല്ലാത്ത തിരഞ്ഞെടുത്ത സ്റ്റോറുകള്‍ അടച്ചുപൂട്ടുമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ മാര്‍ക്കസ് ന്യൂബ്രാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
400 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാണ് ആഗോള സ്പോര്‍ട്സ് വെയര്‍ വിപണി. ഇതില്‍ നിര്‍ണായകമായ വിപണി വിഹിതം നേടാന്‍ ശ്രമിക്കുന്നതിനോടൊപ്പം പുതിയ ബ്രാന്‍റുകളായ ഓണ്‍ റണ്ണിംഗ്, ഹോക്ക തുടങ്ങി വേഗത്തില്‍ വളരുന്ന ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്ന വെല്ലുവിളി കൂടി നേരിടേണ്ടി വരുന്നതാണ് പ്യൂമയുടെ മുന്നിലുള്ള പ്രതിസന്ധി. സാമ്പത്തിക അനിശ്ചിതത്വം കാരണം പ്യൂമയുടെ യുഎസിലെ ഉപഭോക്താക്കള്‍ പണം ചെലവഴിക്കുന്നില്ലെന്ന് കമ്പനി സിഇഒ പറഞ്ഞു. ഇതിനുപുറമെ, അമേരിക്കയിലേക്കുള്ള ഷൂ ഇറക്കുമതിയുടെ ഏകദേശം 10% ചൈനയില്‍ നിന്നാണെന്ന് പ്യൂമ ചൂണ്ടിക്കാട്ടി. അതേസമയം, പ്യൂമയുടെ വലിയ എതിരാളിയായ അഡിഡാസ് 2024 ല്‍ മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം വന്‍ തിരിച്ചടി
2023 ലെ 305 മില്യണ്‍ യൂറോയുമായി താരതമ്യം ചെയ്യുമ്പോള്‍, കഴിഞ്ഞ വര്‍ഷം പ്യൂമയുടെ അറ്റാദായം 282 മില്യണ്‍ യൂറോ ആയി കുറഞ്ഞിരുന്നു. വായ്പകളുടെ പലിശ ഇനത്തിലേക്ക് വലിയ തുക നീക്കിവയ്ക്കേണ്ടി വരുന്നതാണ് കഴിഞ്ഞ വര്‍ഷം പ്യൂമയെ ബാധിച്ചത്