ഇംഗ്ലണ്ടിലെ സ്വിൻഡനിൽ നിന്നുള്ള 45 -കാരിയായ ഒരു സ്ത്രീയുടെ മൃതദേഹം വീട്ടിൽ വളർത്ത് നായ്ക്കൾ ഭാഗികമായി തിന്ന നിലയിൽ കണ്ടെത്തി. ഒരു മാസമായി ഇവരുടെ അസാന്നിധ്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിനാണ് ഇവരുടെ മൃതദേഹം വീടിനുള്ളിലെ സ്വീകരണ മുറിയിൽ വളര്‍ത്തുനായ്ക്കൾ ഭക്ഷിച്ച് പകുതിയാക്കിയ നിലയില്‍ കണ്ടെത്തിയത്. ജെമ്മ ഹാർട്ട് (45) എന്നാണ് സ്ത്രീയുടെ പേരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഹാർട്ടിന്റെ നായ്ക്കൾ ഇടതടവില്ലാതെ കുരയ്ക്കുന്നത് കേട്ടാണ് അയൽക്കാർ വീടിനുള്ളിൽ പരിശോധന നടത്താൻ തീരുമാനിച്ചത്. വീടിന്റെ മറ്റൊരു കീ കൈവശം ഉണ്ടായിരുന്ന അയൽക്കാരൻ വീട് തുറന്നു അകത്ത് കയറാൻ ശ്രമം നടത്തിയപ്പോഴാണ് വീടിന്റെ മറ്റേ കീ അപ്പോഴും പൂട്ടിൽ കിടക്കുന്നത് ഇയാളുടെ ശ്രദ്ധയിൽപ്പെട്ടത്.തുടർന്ന് അയൽവാസികൾ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി വീട് തുറന്നു പരിശോധന നടത്തിയപ്പോഴാണ് നായ്ക്കൾ ഭാഗികമായി ഭക്ഷിച്ച നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തിയത്. സ്ത്രീയുടെ മൃതദേഹത്തിന് സമീപത്തായി ഒരു നായയെയും ചത്ത നിലയിൽ കണ്ടെത്തി. ജീവനോടെ ഉണ്ടായിരുന്ന മറ്റൊരു നായ അവശനിലയിൽ ആയിരുന്നു.
കാമുകൻ ഉപേക്ഷിച്ച് പോയതിനെ തുടർന്ന് ദീർഘകാലമായി കടുത്ത വിഷാദ രോഗത്തിലായിരുന്നു ഹാർട്ട് എന്ന് അയൽവാസികൾ പറഞ്ഞു. നായ്ക്കൾ ആയിരുന്നു അവളുടെ ലോകമെന്നും അവർ കൂട്ടിച്ചേര്‍ത്തു. അമ്മയുടെ മരണ വിവരം അറിഞ്ഞ ഹാർട്ടിന്റെ മകൻ സമൂഹ മാധ്യമത്തിലൂടെ അനുശോചനം അറിയിച്ചു.നായ പ്രേമിയായിരുന്നു ഹാർട്ട് 2022 ലാണ് ഫ്രാങ്കി എന്ന നായയെ സ്വന്തമാക്കിയത്. പിന്നാലെ 2023 -ൽ മില്ലി എന്ന മറ്റൊരു നായയെയും ദത്തെടുത്തു. ഈ നായ്ക്കൾ ആയിരുന്നു മരണസമയത്ത് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഫോറൻസിക് പരിശോധനയിൽ ഹാർട്ട് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി. മരണത്തിൽ ദുരൂഹതയില്ലെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇവരുടെ മരണശേഷം പട്ടിണിയിലായ നായ്ക്കൾ അവരുടെ മൃതദേഹം ഭക്ഷിച്ചതായിരിക്കാമെന്നും പോലീസ് പറഞ്ഞു.