ഒട്ടാവ: സ്ഥാനമേറ്റതിന് പിന്നാലെയുള്ള കന്നി പ്രസംഗത്തില്‍ ട്രംപിന്‍റെ നയങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. കാനഡ അമേരിക്കയുടെ ഭാഗമാകണമെന്ന നിര്‍ദേശം അസംബന്ധമെന്ന് കാര്‍ണി തുറന്നടിച്ചു. ട്രംപിനെ ബഹുമാനിക്കുന്നു, എന്നാല്‍ തല്‍ക്കാലം കൂടിക്കാഴ്ച നടത്താനില്ലെന്നും കാര്‍ണി. ട്രംപിന്റെ സാമ്പത്തിക നയങ്ങൾക്കെതിരെ കടുത്ത നിലപാട് തന്നെയാകും കാനഡ സ്വീകരിക്കുകയെന്ന് കാർണി തന്‍റെ പ്രസംഗത്തിൽ വ്യക്തമാക്കി.
അമേരിക്ക കാനഡയോട് കുറച്ച് ബഹുമാനം കാണിക്കുന്നതുവരെ 20 ബില്യൺ ഡോളറിന്റെ യുഎസ് ഉൽപ്പന്നങ്ങൾക്ക് കാനഡ ചുമത്തിയ അധിക തീരുവ അത് പോലെ തുടരുമെന്ന് മാർക്ക് കാർണി വ്യക്തമാക്കി. കാനഡയെ അമേരിക്കയോട് കൂട്ടി ചേർക്കണമെന്നാണ് ട്രംപ് പറയുന്നത്. കാനഡയുടെ പരമാധികാരത്തെ ബഹുമാനിക്കുന്ന പക്ഷം മാത്രമേ യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താന്‍ താൻ തയ്യാറാവൂ എന്നും കാർണി വ്യക്തമാക്കി.
ട്രംപിന്‍റെ തീരുവ യുദ്ധം തുടരുന്നതിനിടെ കടുത്ത ട്രംപ് വിരോധിയായ മാർക്ക് കാർണി കാനഡയുടെ പ്രധാനമന്ത്രിയായെത്തിയത് വ്യാപാര യുദ്ധം കനപ്പിക്കാനാണ് സാധ്യത. അമേരിക്കയുമായുള്ള കാനഡയുടെ ബന്ധം ഏറ്റവും വഷളായിരിക്കുന്ന സാഹചര്യത്തിൽ കാർണിയുടെ ഇടപെടൽ എന്താകും എന്നതും കണ്ടറിയണം. കാനഡയുടെ ഇരുപത്തിനാലാം പ്രധാനമന്ത്രിയായി കഴിഞ്ഞ ദിവസമാണ് മാർക്ക് കാർണി അധികാരമേറ്റത്. ഒട്ടാവയിലെ പാർലമെന്‍റ് സമുച്ചയത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ ഗവർണർ ജനറൽ മേരി സൈമൺ അധ്യക്ഷത വഹിച്ചു. മുൻ പ്രധാനമന്ത്രിമാർ, ഗവർണർ ജനറൽമാർ തുടങ്ങി രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെല്ലാം ചടങ്ങിൽ എത്തി. എന്നാൽ രാജിവച്ച ജസ്റ്റിൻ ട്രൂഡോ ചടങ്ങിന് എത്തിയിരുന്നില്ല.