ക്നാറസ്ബറോ: യുവതിയും കാമുകനും തമ്മിൽ അടിച്ചുപിരിഞ്ഞു. പട്ടിണി കിടന്ന് ചത്തത് പത്തോളം പാമ്പുകൾ. 70 പെരുമ്പാമ്പുകളെ രക്ഷിച്ച് സന്നദ്ധ പ്രവർത്തകർ. ലണ്ടനിലെ ക്നാറസ്ബറോയിലാണ് സംഭവം. പ്രണയം ബന്ധം ബ്രേക്കപ്പായതിന് പിന്നാലെ വീട്ടിലേക്ക് തിരിച്ച് കയറാൻ യുവാവും യുവതിയും കൂട്ടാക്കാതെ വന്നതോടെയാണ് ഇവർ സ്നേഹിച്ച് വളർത്തിയിരുന്ന അരുമ മൃഗങ്ങൾ പട്ടിണിയിലായത്.
വീട്ടിനുള്ളിൽ നിന്ന് രൂക്ഷ ഗന്ധം വരുന്നതായി അയൽവാസികൾ നൽകിയ പരാതിയിൽ നടത്തിയ പരിശോധനയിലാണ് 70 പെരുമ്പാമ്പുകളെ അവശനിലയിൽ കണ്ടെത്തിയത്. വിഷമുള്ള ഇനത്തിലുള്ള മൂന്ന് പാമ്പുകളെ വീട്ടിൽ നിന്ന് ചത്ത നിലയിൽ കണ്ടെത്തി. നിരവധി പെരുമ്പാമ്പുകളെ ചത്ത നിലയിൽ ഫ്രീസറിൽ നിന്നും കണ്ടെത്തിയതായാണ് ക്നാറസ്ബറോ എക്സോക്റ്റിക് റസ്ക്യൂവിനെ ഉദ്ധരിച്ച് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. ഇത്രയും കാലത്തിനിടയ്ക്ക് ഇത്ര മോശം അവസ്ഥയിൽ പാമ്പുകളെ സൂക്ഷിച്ചത് കണ്ടിട്ടില്ലെന്നാണ് സന്നദ്ധ പ്രവർത്തകർ വിശദമാക്കുന്നത്.
എക്സോക്റ്റിക് ഇനത്തിലുള്ള ആറ് പാമ്പുകളാണ് ഇവിടെ പാർപ്പിച്ചിരുന്നതെന്നാണ് വീട്ടുടമയായ യുവാവ് വിശദമാക്കിയിരുന്നത്. പാമ്പുകളെ ബ്രീഡ് ചെയ്ത് ഇവർ വിൽപ്പന നടത്തിയിരുന്നതായാണ് അധികൃതർ സംശയിക്കുന്നത്. 50 പാമ്പുകളെ പെട്ടികളിൽ അടച്ച നിലയിലും 20 എണ്ണം വീടിനുള്ളിൽ ഇഴഞ്ഞുനടക്കുന്ന അവസ്ഥയിലുമാണ് സന്നദ്ധ പ്രവർത്തകർ കണ്ടെത്തിയത്. തുറന്ന് കിടന്ന ജനലിലൂടെ പാമ്പുകൾ രക്ഷപ്പെട്ടിരിക്കാമെന്ന വിലയിരുത്തലിലാണ് അധികൃതരുള്ളത്.
വീടിനുള്ളിൽ എസി അടക്കമുള്ളവ പ്രവർത്തിക്കാതിരുന്നതിനാൽ പാമ്പുകൾ അതീവ അവശരാണെന്നാണ് അധികൃതർ വിശദമാക്കുന്നത്. റോയൽ പൈത്തൺ അഥവ ബാൾ പൈത്തൺ എന്ന പേരിൽ അറിയപ്പെടുന്ന പാമ്പുകളാണ് ഇവിടെ നിന്ന് കണ്ടെത്തിയവയിൽ ഏറെയും. പശ്ചിമ, മധ്യ ആഫ്രിക്കൻ സ്വദേശികളായ ഇവയെ പുൽമേടുകളിലും ചതുപ്പുകളിലും വനമേഖലയിലുമാണ് സാധാരണയായി കാണാറുള്ളത്. ആറ് അടി വരെ മാത്രം നീളം വയ്ക്കുന്ന ഏറ്റവും വലിപ്പം കുറഞ്ഞ പെരുമ്പാമ്പുകളാണ് ഇവ. ചെറിയ എലികളും പക്ഷികളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.