സ്രാവുകൾ അപകടകാരികളാണെന്ന് അറിയാത്തവരായി ആരുമില്ല. എന്നാല്‍, അവ കടല്‍ തീരത്തേക്ക് വന്ന്, തീരത്ത് കിടന്ന ഒരു മുതലയെ കടിച്ചെടുത്ത് പോകുമെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്. ഇനി അത്തരമൊരു സംഭവം കണ്ടാലോ? അതെ, സമൂഹ മാധ്യമങ്ങളെ കീഴടക്കിക്കൊണ്ട് വടക്കന്‍ ഓസ്ട്രേലിയന്‍ തീരത്ത് നിന്നുള്ള അത്തരമൊരു അസാധാരണ വീഡിയോ വൈറലായി. വടക്കന്‍ ഓസ്ട്രേലിയന്‍ ടെറിട്ടറിയിലെ ഗോവ് ഉപദ്വീപിലെ വിദൂര തീരദേശ പട്ടണമായ നുലുൻബുയിലാണ് സംഭവം നടന്നതെന്ന് വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് കൊണ്ട് ടൈംസ് നൌ കുറിച്ചു. ’43 സെക്കൻഡുള്ള വീഡിയോയിൽ ഒരു സ്രാവ് ചത്ത ഉപ്പുവെള്ള മുതലയെ ഭക്ഷിക്കുന്നു. സ്രാവുകളും മുതലകളും വലിയ വേട്ടക്കാരാണ്, പലപ്പോഴും മറ്റ് ഇരകളെ അവ ഭക്ഷിക്കുന്നു.; വീഡിയോ കുറിപ്പില്‍ പറയുന്നു.
https://www.instagram.com/reel/DDytu0wItgM/?utm_source=ig_embed&utm_campaign=loading
വീഡിയോയയില്‍ തീരത്ത് അടിഞ്ഞ നിലയില്‍ ഒരു മുതല ചത്ത് മലച്ച് കിടക്കുന്നത് കാണാം. ഈ സമയം ഒരു സ്രാവ് പതുക്കെ കടലില്‍ നിന്നും തീരത്തേക്ക് വരികയും കടലിലും മണലിലുമായി കടന്നിരുന്ന മുതലയുടെ തലയ്ക്ക് കടിച്ചെടുത്ത് കുടയുന്നതും പിന്നാലെ കടലിലേക്ക് പോകുന്നതും കാണാം. വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചെന്ന് കുറിപ്പുകളില്‍ നിന്നും വ്യക്തം.
മുതല ചത്തതായി എനിക്ക് സംശയം തോന്നുന്നുവെന്ന് നിരവധി കാഴ്ചക്കാരാണ് എഴുതിയത്. സ്രാവ് മുതലയും കൊണ്ട് പോകുമ്പോൾ അതിന്‍റെ കാലും വാലും ഇളകിയിരുന്നതായി മറ്റ് ചിലര്‍ ചൂണ്ടിക്കാണിച്ചു. എന്നാല്‍ മറ്റ് ചിലര്‍ അതിനെ എതിർത്തു. മുതലയുടെ കഴുത്തില്‍ സ്രാവ് പിടിക്കുമ്പോൾ അതിന്‍റെ ശവശരീരം അനങ്ങുന്നത് കൊണ്ട് തോന്നുന്നതാണെന്ന് ഒരു കാഴ്ചക്കാരന്‍ തിരുത്തി. ഇതിലെന്തിത്ര അത്ഭുതപ്പെടാന്‍? നിങ്ങൾക്ക് ഭക്ഷ്യശൃംഖലയെ കുറിച്ച് അറിവില്ലേയെന്ന് ഒരു കാഴ്ചക്കാരന്‍ വീഡിയോയെ നിസാരവത്ക്കരിച്ചു. അതെ സമയം വീഡിയോയുടെ അവസാന ഭാഗത്ത് , പല തവണ കടിക്കാന്‍ ശ്രമിച്ചിട്ടും മുതലയുടെ ഉറച്ച തൊലിയില്‍ പല്ലുകൾ ആഴ്ത്താന്‍ കഴിയാതെ സ്രാവ് ചത്ത മുതലയെ കടലില്‍ ഉപേക്ഷിച്ച് പോകുന്ന കാഴ്ചയായിരുന്നു.