ഓട്ടോറിക്ഷകളില്‍ ഫെയര്‍ മീറ്റര്‍ ഉണ്ടാകണമെന്നാണെങ്കിലും മിക്ക ഓട്ടോകളിലും പേരിന് മാത്രം ഒരു മീറ്ററുണ്ടെന്നല്ലാതെ ഇവ പ്രവര്‍ത്തിക്കുന്നത് കാണാറില്ല. എന്നാല്‍ മാര്‍ച്ച് ഒന്ന് മുതല്‍ ഓട്ടോറിക്ഷകളില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ സൗജന്യ യാത്രയായി കണക്കാക്കുമെന്നാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ സര്‍ക്കുലര്‍. മാര്‍ച്ച് ഒന്ന് മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വന്നു. മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാത്ത ഓട്ടോകള്‍ക്കെതിരെ മോട്ടോര്‍വാഹന വകുപ്പ് നടപടി ആരംഭിച്ചിട്ടുണ്ട്.
ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ ഓട്ടോറിക്ഷകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് സംബന്ധിച്ച് സംസ്ഥാനത്തുടനീളം പരാതികള്‍ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. ‘മീറ്റര്‍ ഇല്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോകളില്‍ പതിക്കണമെന്ന് നിബന്ധനയുണ്ട്. കേരളത്തില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകളില്‍ ‘യാത്രാവേളയില്‍ ഫെയര്‍മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതിരിക്കുകയോ പ്രവര്‍ത്തനരഹിതമായിരിക്കുകയോ ചെയ്താല്‍ യാത്ര സൗജന്യം’ എന്ന് മലയാളത്തിലും ഇംഗ്ലീഷിലും പ്രിന്റ് ചെയ്ത സ്റ്റിക്കര്‍ ഡ്രൈവര്‍ സീറ്റിന് പിന്നിലോ യാത്രക്കാര്‍ക്ക് അഭിമുഖമായോ പതിച്ചിരിക്കണം എന്നാണ് നിബന്ധന.
സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ഉത്തരവ് ഒരുമാസം മുമ്പ് ഇറങ്ങിയിരുന്നുവെങ്കിലും തയ്യാറെടുപ്പിന് ഒരു മാസത്തെ സമയം വേണമെന്ന ഓട്ടോറിക്ഷ തൊഴിലാളികളുടെയും വകുപ്പ് ഉദ്യോഗസ്ഥരുടെയും നിര്‍ദേശം പരിഗണിച്ചായിരുന്നു മാര്‍ച്ച് ഒന്നിലേക്ക് മാറ്റിയത്. സ്റ്റിക്കര്‍ പതിച്ചില്ലെങ്കില്‍ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ടെസ്റ്റില്‍ ഓട്ടോറിക്ഷകള്‍ അയോഗ്യമാക്കപ്പെടും. ഇത്തരത്തില്‍ അയോഗ്യമാക്കപ്പെട്ട ഓട്ടോകള്‍ വീണ്ടും സര്‍വീസ് നടത്തിയാല്‍ വലിയ തുക പിഴയായി നല്‍കേണ്ടിയും വരും. നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നുണ്ടെന്ന് എല്ലാ ഡപ്യൂട്ടി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാരും ഉറപ്പ് വരുത്തണമെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. മീറ്ററിടാതെ ഓട്ടോകള്‍ സര്‍വീസ് നടത്തുന്നത് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പരാതി അറിയിക്കാനാകും. ജോയിന്റ് ആര്‍ടിഒമാരുടെ നമ്പറുകളിലാണ് പരാതിപ്പെടേണ്ടത്.
പുതിയ ഉത്തരവിനെതിരെ ഓട്ടോ തൊഴിലാളികള്‍ക്കിടയില്‍ പ്രതിഷേധം വ്യാപകമാണ്. ഉത്തരവിനെതിരെ സമരം ചെയ്യുമെന്ന നിലപാടിലാണ് ഡ്രൈവര്‍മാര്‍. മീറ്റര്‍ തുകമാത്രം വാങ്ങി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നാണ് ഇവര്‍ പറയുന്നത്.