പെർത്ത്: മാർച്ച് എട്ടിന് വെസ്റ്റേൺ ഓസ്ട്രേലിയൻ സംസ്ഥാന പാർലമെന്റ്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ വിജയ പ്രതീക്ഷയിൽ മലയാളികളായ ജിബി ജോയിയും ബിജു ആൻ്റണിയും. ബെൽമണ്ട് മണ്ഡലത്തിൽ സംസ്ഥാന പ്രതിപക്ഷ പാർട്ടിയായ ലിബറൽ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബിജു ആന്റണിയും ഓക്സ്ഫോർഡ് മണ്ഡലത്തിൽ ഓസ്ട്രേലിയൻ ക്രിസ്ത്യൻസ് പാർട്ടിയെ പ്രതിനിധീകരിക്കുന്ന ജിബി ജോയിയുമാണ് പ്രചാരണ രംഗത്ത് ഏറെ മുന്നിൽ നിൽക്കുന്നത്. സതേൺ റിവർ മണ്ഡലത്തിൽ ഓസ്ട്രേലിയൻ ക്രിസ്ത്യൻസ് പാർട്ടിയുടെ പ്രതിനിധിയായി ആൽവിൻ മാത്യൂസും ശക്തമായ മത്സരം കാഴ്ചവെക്കുന്നുണ്ട്.
മാർച്ച് എട്ടിലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പോസ്റ്റൽ വോട്ടുകൾആരംഭിച്ച് കഴിഞ്ഞു. പല സ്ഥലങ്ങളിലും ഏർലി വോട്ടിങ് സെൻ്ററുകളും പ്രവർത്തനക്ഷമമാണ്. തുടർച്ചയായ എട്ട് വർഷത്തെ ഭരണത്തിന് നേതൃത്വം നൽകിയ ലേബർ പാർട്ടിക്കെതിരെ ശക്തമായ ജനവിരുദ്ധവികാരം ഉണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ.
എല്ലാ സ്ഥാനാർത്ഥികൾക്കും പ്രിഫറൻസ് വോട്ടുചെയ്യുന്ന രീതിയാണ് ഓസ്ട്രേലിയയിൽ നിലവിലുള്ളത്. സമ്മതിദായകർ ഏറ്റവമധികം ജയിക്കണമെന്ന് പ്രതീക്ഷിക്കുന്ന സ്ഥാനാർത്ഥിയുടെ പേരിന് നേരെ ഒന്ന് എന്ന് രേഖപ്പെടുത്തണം. തൊട്ടടുത്ത സ്ഥാനാർത്ഥികൾക്ക് രണ്ട്, മൂന്ന്, നാല് ഈ ക്രമത്തിലാണ് പ്രിഫറൻസ് രേഖപ്പെടുത്തേണ്ടത്. എല്ലാ സ്ഥാനാർത്ഥികൾക്കും നേരെ പ്രിഫറൻസ് രേഖപ്പെടുത്തേണ്ടതുണ്ട്.
ഓരോ ഇലക്ട്രേറ്റിലും മത്സരിക്കുന്ന എല്ലാ സ്ഥാനാർത്ഥികളുടെയും പേരിന് നേരെ റെഫറൻസ് എഴുതണമെന്നത് കർശന നിർദേശമാണ്. സംസ്ഥാന പാർലമെന്റ്റിലെ അപ്പർ ഹൗസിലേക്കും തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഓസ്ട്രേലിയൻ പൗരന്മാരായ എല്ലാവരും സംസ്ഥാന പാർലമെന്റിലേക്കും കേന്ദ്ര പാർലമെന്റിലേക്കുമുള്ള തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്നത് നിബന്ധനയാണ്. വോട്ടെടുപ്പിൽ പങ്കെടുക്കാത്തവർക്ക് ഫൈൻ ഈടാക്കും.
പ്രചരണ രംഗത്ത് അതിശക്തമായ പ്രകടനമാണ് ഓക്‌ഫോർഡ് മണ്ഡലത്തിൽ ജിബി ജോയ് കാഴചവെക്കുന്നത്. നിരവധി മലയാളികൾ താമസിക്കുന്ന മണ്ഡലമാണ് ഓക്സ്ഫോർഡ്. വീടുകൾ തോറും കയറിയിറങ്ങിയും വാഹനങ്ങളിൽ ലഘുലേഖ വിതരണം ചെയ്‌തും കുടുംബ യോഗങ്ങൾ സംഘടിപ്പിച്ചും ജിബി പ്രചരണ രംഗത്ത് ബഹുദൂരം മുന്നിലാണ്. മുഖ്യപാർട്ടികളായ ലേബർ, ലിബറൽ പാർട്ടി സ്ഥാനാർത്ഥികളാണ് മുഖ്യ എതിരാളികൾ.
നഴ്‌സ് ആയി ജോലി ചെയ്യുന്ന ജിബി ജോയി അഞ്ച് കുട്ടികളുടെ പിതാവാണ്. ഭാര്യ കവിത. ഓസ്ട്രേലിയ ജസ്റ്റിസ് ഓഫ് പീസ് ആയി പ്രവർത്തിക്കുന്ന ജിബി ശ്രദ്ധേയമായ തിരഞ്ഞെടുപ്പ് പ്രവർത്തനത്തിലൂടെയാണ് കഴിഞ്ഞ വർഷം അർമഡെയിൽ സിറ്റി കൗൺസിലിൽ വിജയിച്ചിരുന്നു. ഹാരിസ്‌ഡെയിൽ, പിയാരവാട്ടേഴ്സ‌്, ഫോറസ്റ്റ്ഡെയിൽ, ബിൻഗ്രോവ്, ഹിൽബേർട്ട്, ഹെയിൻസ്, ബ്രൂക്ക്ഡെയിൽ, ഓക്സ്ഫോർഡ്, അൻകുറ്റൽ, വാണ്ടി, ബാഞ്ചപ്, ഡാൽലിങ് ഡോൺസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ഓക്സ്‌ഫോർഡ് ഇലക്ടറേറ്റ്.
ബെൽമണ്ട് മണ്ഡലത്തിൽ ഭരണ പാർട്ടിയായ ലേബർ പാർട്ടിയുടെ സ്ഥാനാർത്ഥിക്കെതിരെ അതിശക്തമായ പ്രചരണമാണ് ബിജു ആൻ്റണി കാഴ്‌ചവെക്കുന്നത്. വീടുകൾ തോറും കയറിയിറങ്ങുകയും ലഘുലേഖകൾ വിതരണം ചെയ്തും ബോളിവുഡ് നൈറ്റ് പോലെയുള്ള പരിപാടികൾ സംഘടിപ്പിച്ചും ബിജു ആന്റണി സജീവമാണ്. മലയാളികളുടെ പിന്തുണയും ലിബറൽ പാർട്ടി വോട്ടുകളും വിജയസാധ്യത വർധിപ്പിക്കുന്നു. ബെൽമണ്ട്, അസ്കോട്ട്, റിവർവെയ്ൽ, ക്യൂഡെയ്ൽ, ക്ലോവർഡെയ്ൽ വെൽഷ്പൂൾ, സൗത്ത് ഗിൽഡ്ഫോർഡ്, ഹാസൽമെയർ എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് ബെൽമണ്ട് ഇലക്ടറേറ്റ്.
എറണാകുളം ഗവ. ലോ കോളജിൽ നിന്ന് നിയമ ബിരുദം നേടിയ ബിജു, എഡിത്ത് കോവൻ യൂണിവേഴ്‌സിറ്റി, യുഎസിലെ മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി, ഓസ്ട്രേലിയയിലെ കോളജ് ഓഫ് ലോ എന്നിവിടങ്ങളിൽ നിന്നും ഉന്നത ബിരുദങ്ങൾ നേടിയിട്ടുണ്ട്. പെർത്ത് സെൻ്റ് ജോസഫ് സിറോ മലബാർ ചർച്ച്, സെന്റ് പീറ്റേഴ്‌സ് സിറിയൻ യാക്കോബായ ചർച്ച്, മലയാളി അസോസിയേഷൻ ഓഫ് പെർത്ത്, മലയാളം സ്കൂൾ എന്നിവയുടെ ഓഡിറ്ററായ ബിജു പെർത്ത് അതിരൂപതയിലെ മിഡ്ലാൻഡ് സെന്റ് ബ്രിജിഡ്‌സ് ആൻഡ് സെൻ്റ് മൈക്കിൾസ് ചർച്ചിലെ ഫിനാൻസ് കമ്മിറ്റി അംഗം കൂടിയാണ്.
സതേൺ റിവർ മണ്ഡലത്തിൽ നിന്നുമാണ് ആൽവിൻ മാത്യൂസ് ജനവിധി തേടുന്നത്. നിരവധി മലയാളികളും ഇന്ത്യൻ വംശജരും ഈ സബർബുകളിൽ താമസിക്കുന്നുണ്ട്. സൗത്തേൺ റിവർ, ഹണ്ടിങ് ഡെയിൽ, കാനിംഗ് വെയിൽ, ഗോസ്നെൽസ് എന്നീ സബർബുകൾ ഉൾപ്പെടുന്നതാണ് സതേൺ റിവർ മണ്ഡലം. മഡിങ്ടണിൽ താമസിക്കുന്ന വടക്കേടത്ത് മാത്യു. ലൈസ ദമ്പതികളുടെ മകനാണ്.