ഒട്ടാവ: കുടിയേറ്റം നിയന്ത്രിക്കാനായി കാനഡ അടുത്തിടെ കൊണ്ടുവന്ന പുതിയ നടപടികൾ ഇന്ത്യക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് വിദേശികളെ ബാധിക്കുമെന്ന് റിപ്പോർട്ട്. വിദേശ വിദ്യാർത്ഥികൾക്കും തൊഴിൽ, താമസ വിസകൾക്ക് അപേക്ഷിക്കുന്നവർക്കും പുതിയ തീരുമാനം തിരിച്ചടിയാണ്. ഫെബ്രുവരി ആദ്യം മുതൽ തന്നെ പുതിയ ചട്ടങ്ങൾ കാനഡയിൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
കാനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് കൂടുതൽ വിശാലമായ അധികാരമാണ് പുതിയ നിയമപ്രകാരം ലഭിച്ചിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെയും വിദേശ തൊഴിലാളികളുടെയും കുടിയേറ്റക്കാരുടെയും ഉൾപ്പെടെ എല്ലാവരുടെയും വിസകളിന്മേൽ സ്വതന്ത്രമായ തീരുമാനമെടുക്കാനും രേഖകൾ റദ്ദാക്കാനും ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചു. ഉദ്യോഗസ്ഥർക്ക് ഉചിതമെന്ന ബോധ്യപ്പെടുന്ന തീരുമാനം സ്വതന്ത്രമായി എടുത്ത് നടപ്പാക്കാൻ സാധിക്കുമെന്നതാണ് ഇപ്പോഴത്തെ നിയമത്തിന്റെ സവിശേഷത.
ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷനുകളും (ഇ.ടി.എ) താത്കാലിക റെസിഡന്റ് വിസകളും (ടിആർവി) ഉൾപ്പെടെയുള്ള രേഖകൾ തടയാനും റദ്ദാക്കാനും പുതിയ ഇമിഗ്രേഷൻ ആന്റ് റെഫ്യൂജി പ്രൊട്ടക്ഷൻ റെഗുലേഷൻസ് നിയമ പ്രകാരം കനേഡിയൻ ബോർഡർ ഉദ്യോഗസ്ഥർക്ക് അധികാരം ലഭിച്ചിട്ടുണ്ട്. ഇത് പ്രകാരം തൊഴിൽ പെർമിറ്റുകളും വിദ്യാർത്ഥി വിസകളും റദ്ദാക്കാൻ ഉദ്യോഗസ്ഥർക്ക് ഇപ്പോൾ സാധിക്കും. എന്നാൽ ഇത്തരം നടപടികൾ സ്വീകരിക്കാൻ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചില നിബന്ധനകളും നിയമം ബാധകമാക്കുന്നു. വിസാ കാലാവധി പൂർത്തിയാകുമ്പോൾ ഒരാൾ രാജ്യം വിട്ടുപോകാനുള്ള സാധ്യതയില്ലെന്ന് ഒരു ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാൽ രാജ്യത്തേക്കുള്ള പ്രവേശനം തടയാനോ അല്ലെങ്കിൽ കാനഡയിൽ താമസിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ അനുമതി റദ്ദാക്കാനോ സാധിക്കും. ഇതിനൊക്കെയുള്ള വിവേചന അധികാരം ഉദ്യോഗസ്ഥർക്ക് തന്നെ നൽകുന്നുവെന്നതാണ് നിയമത്തിലെ പ്രധാന സവിശേഷത.
അതേസമയം പുതിയ നിയമം നടപ്പാക്കുന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത നിലനിൽക്കുന്നുണ്ട്. ആയിരക്കണക്കിന് വിദേശികളെ ബാധിക്കുന്നതിനൊപ്പം ഏറ്റവുമധികം ആഘാതമേൽപ്പിക്കുന്നത് കാനഡയിലെ ഏറ്റവും വലിയ വിദേശി സമൂഹമായ ഇന്ത്യക്കാരിൽ തന്നെയായിരിക്കും. സർക്കാർ കണക്കുകൾ പ്രകാരം തന്നെ ഏതാണ്ട് 4.2 ലക്ഷത്തോളം ഇന്ത്യൻ വിദ്യാർത്ഥികൾ കാനഡയിൽ ഇപ്പോൾ പഠനം നടത്തുന്നുണ്ട്. പുതിയ നിയമപ്രകാരം മതിയായ യാത്രാ യോഗ്യതയില്ലാതെ എത്തുന്നവരെയും സംശയിക്കപ്പെടുന്ന സാഹചര്യങ്ങളിലും രാജ്യത്തേക്കുള്ള പ്രവേശനം തന്നെ തടയപ്പെട്ട് മടങ്ങേണ്ടി വരുന്ന സ്ഥിതി ഉണ്ടാകുമോ എന്ന ആശങ്കയ്ക്ക് പുറമെ നിലവിൽ കാനഡയിൽ താമസിക്കുന്നവരെ രേഖകൾ റദ്ദാക്കി തിരിച്ചയക്കുമോ എന്നുള്ളത് ഉൾപ്പെടെയുള്ള മറ്റ് പ്രതിസന്ധികളും ഉടലെടുത്തിട്ടുണ്ട്. നിലവിൽ കാനഡയിൽ താമസിക്കുന്നതിൽ നടപടി നേരിടുന്നവർക്ക് നോട്ടീസ് നൽകിയ ശേഷമായിരിക്കും തുടർ നടപടികളിലേക്ക് കടക്കുകയെന്നാണ് റിപ്പോർട്ട്.
പുതിയ നിബന്ധന പ്രകാരം വിസാ രേഖകളിന്മേൽ നടപടി നേരിടുന്നവർക്ക് ഇ-മെയിലായി അറിയിപ്പുകൾ ലഭിക്കും തങ്ങളുടെ ഐആർസിസി അക്കൗണ്ടിലും ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള സന്ദേശമുണ്ടാകും. എന്നാൽ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവരുടെ ഫീസ്, വായ്പകൾ, വാടക തുടങ്ങിയ ഇനങ്ങളിൽ ചെലവഴിച്ചിട്ടുള്ള പണത്തെക്കുറിച്ച് ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്. മൂന്ന് മാസം മുമ്പാണ് കാനഡ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം വിസകൾ നിർത്തലാക്കിയിരുന്നു.