തിരുവനന്തപുരം : വെഞ്ഞാറമ്മൂടിലെ അരുംകൊലയ്ക്കിടെ ബാറിൽ മദ്യപാനവും. കൂട്ടക്കൊലയ്ക്കിടെ അഫാൻ ബാറിൽ പോയി മദ്യപിച്ചും സമയം ചെലവഴിച്ചുവെന്ന് കണ്ടെത്തൽ. ഉമ്മയടക്കം നാലുപേരെ തലക്കടിച്ച് വീഴ്ത്തിയ ശേഷമാണ് പ്രതി ബാറിൽ പോയത്. വെഞ്ഞാറമൂട്ടിലെ ബാറിൽ 10 മിനിറ്റ് ചെലവഴിച്ച ശേഷം വീട്ടിലേക്ക് കൊണ്ടുപോകാനായും മദ്യം വാങ്ങി വീട്ടിലെത്തി ഫർസാനെയും അനുജനെയും കൊലപ്പെടുത്തിയ ശേഷം ആ മദ്യവും കഴിച്ചു.
കൂടുതൽ പരിശോധനകൾക്ക് അഫാന്റെയും ഉമ്മ ഷെമിയുടെയും ഫോണുകൾ ഫോറൻസിക് പരിശോധനക്ക് കൈമാറി . അഫാന്റെ ഗൂഗിൾ സേർച്ച് ഹിസ്റ്ററി പരിശോധിക്കാൻ സൈബർ പൊലീസിന് കത്ത് നൽകിയിട്ടുണ്ട്. നാളുകളായി കൂട്ട ആത്മഹത്യയെ കുറിച്ച് കുടുംബം ആലോച്ചിരുന്നതായാണ് അഫാൻ മൊഴി നൽകിയത്. ഇതിനുള്ള മാർഗങ്ങളെ കുറിച്ച് ഗൂഗിളിൽ തിരഞ്ഞിരുന്നുവെന്നാണ് മൊഴി. ഇത് സ്ഥിരീകരിക്കുന്നതിന് വേണ്ടിയാണ് ഫോൺ അടക്കം പരിശോധിക്കുന്നത്.
അതേ സമയം, ആശുപത്രിയിൽ കഴിയുന്ന അഫാന്റെ വിശദമായ മൊഴിയെടുക്കാൻ ഇതുവരെ പൊലിസിന് കഴിഞ്ഞിട്ടില്ല. രാത്രി മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും മൊഴി എടുക്കാനുള്ള മാനസിക അവസ്ഥയിലായിരുന്നില്ല അഫൻ. ആറ്റിങ്ങൽ ഡിവൈഎസ്പിയും വെഞ്ഞാറമൂട് സി ഐയുമാണ് രാത്രി ഏട്ടരയോടെ മെഡിക്കൽ കോളേജിൽ എത്തിയത്. ഇന്നു രാവിലെ വീണ്ടും മൊഴി എടുക്കാൻ ശ്രമിക്കും.